KeralaNEWS

വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയ സംഭവം ഗുരുതരം, നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി

പത്തനംതിട്ട: കളമശേരി മെഡിക്കല്‍ കോളജില്‍നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസ് ഗൗരവമായ വിഷയമാണെന്നും നിരവധി കാര്യങ്ങൾക്ക് വ്യക്തത വരേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമം നടന്നത് ഗുരുതരമായ തെറ്റാണ്. ‘ഹോസ്പിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നാണ് മനസിലാകുന്നത്. ആര്‍ക്ക് വേണ്ടിയാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്, ഇത് ആദ്യത്തെ സംഭവമാണോ, ഇതിന് പിന്നില്‍ അകത്ത് നിന്നും പുറത്തുനിന്നും ആളുകള്‍ ഉണ്ടോ, മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ, ഇതിന് പിന്നില്‍ വലിയ സംഘമുണ്ടോ, കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട് – മന്ത്രി പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ആശുപത്രിയ്ക്ക് പുറമേ പൊലീസും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തെറ്റ് ചെയ്തതായി കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. തുടരന്വേഷണത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ ഉണ്ടായാല്‍ അതിനനുസരിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൃതമായ അന്വേഷണം നടത്തണം. ആശുപത്രിയുടെ ഭാഗത്ത് നിന്ന് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ അടക്കം കണ്ടെത്തുന്നതിന് പൊലീസിന്റെ വിശദമായ അന്വേഷണം ആവശ്യമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Signature-ad

പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രിയിലെ ജീവനക്കാരന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പരസ്പരം ആരോപണ – പ്രത്യാരോപണങ്ങളുമായി സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരനും ആശുപത്രി സൂപ്രണ്ടും രംഗത്തെത്തിയിരുന്നു.

Back to top button
error: