IndiaNEWS

ഒഡിഷ മന്ത്രിയെ വെടിവച്ച് കൊന്ന സംഭവം: മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചിട്ടെന്ന് എഫ്ഐആർ

ദില്ലി: ഒഡീഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിനെ എഎസ്ഐ വെടിവെച്ചുകൊന്നത് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചിട്ടെന്ന് എഫ്ഐആർ. പ്രതി വെടിവയ്ക്കാനുപയോഗിച്ച തോക്കും തിരകളും അന്വേഷണ സംഘം ഇന്ന് കണ്ടെത്തി.  9 എംഎം പിസ്റ്റളും 3 റൗണ്ട് തിരകളുമാണ് കണ്ടെത്തിയത്. ഇവ പരിശോധനയ്ക്കായി അയച്ചു. പ്രതിയുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ വൈകാതെ കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുമെന്നും ഒഡീഷ പൊലീസ് അറിയിച്ചു. അതേസമയം, കേസിലെ പ്രതിയായ എഎസ്ഐ ഗോപാൽ ദാസിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് സർക്കാർ ഉത്തരവിറക്കി.

Signature-ad

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധിച്ചൗക്കില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നബ കിഷോർ ദാസിന് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് നെഞ്ചിലേക്ക് വെടി വെക്കുകയായിരുന്നു. മന്ത്രിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ വിദ​ഗ്ധ ചികിത്സക്ക് വേണ്ടി ഭുവനേശ്വറിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എഎസ്ഐ മന്ത്രിയെ ആക്രമിക്കാനുള്ള കാരണമെന്താണെന്ന് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ക്രൈംബ്രാ‍ഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന നവ ബാബു 2019 ലാണ് ബിജെഡിയിലെത്തിയത്. മഹാരാഷ്ട്രയിലെ ശനി ശിഗ്നാപൂർ ക്ഷേത്രത്തില്‍ ഒരു കോടി രൂപയുടെ കലശം നല്‍കിയത് നേരത്തെ വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വർഷം പാചകക്കാരന്‍ ആത്മഹത്യ ചെയ്തത സംഭവത്തിലും പ്രതിപക്ഷം നവ ബാബുവിനെതിരെ ആരോപണം ഉന്നിയിച്ചിരുന്നു.

Back to top button
error: