KeralaNEWS

തനിക്ക് ശമ്പളം വേണ്ട, ഓണറേറിയം മതി; സർക്കാരിന് കത്ത് നൽകി കെ.വി. തോമസ്

തിരുവനന്തപുരം: ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ച മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസ്, തനിക്ക് ശമ്പളം വേണ്ടെന്ന് അറിയിച്ച് സർക്കാരിന് കത്ത് നൽകി. ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്നാണ് കെ വി തോമസിന്റെ അഭ്യർത്ഥന. കെ വി തോമസിന്റെ കത്ത് പരിശോധനയ്ക്കായി ധനകാര്യവകുപ്പിന് കൈമാറി. മുഖ്യമന്ത്രി പരിശോധിച്ച ശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനം. വിമാനയാത്ര നിരക്ക് കുറവുള്ള ക്ലാസുകളിൽ മതിയെന്ന് അറിയിച്ചിട്ടുണ്ടെന്നും കെ വി തോമസ് പറഞ്ഞു.

ജനുവരി 18ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കെ.വി. തോമസിനെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചത്. ക്യാബിനറ്റ് പദവിയോടെയായിരുന്നു നിയമനം. അച്ചടക്ക ലംഘനത്തിന് കോൺഗ്രസ് നടപടിയെടുത്ത കെ വി തോമസിന് എട്ട് മാസത്തിന് ശേഷമാണ് പദവി ലഭിച്ചത്. സിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായ സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെയായിരുന്നു കോൺഗ്രസും തോമസും തമ്മിലെ അകൽച്ച വർധിച്ചത്.

Signature-ad

തൃക്കാക്കര ഉപതരെഞ്ഞെടുപ്പിൽ ഇടത് കൺവൻഷനിൽ നേതൃത്വത്തെ വെല്ലുവിളിച്ച് കെ വി തോമസ് എത്തിയതിന് പിന്നാലെയാണ് പുറത്താക്കല്‍ സംഭവിച്ചത്. തൃക്കാക്കരയിലെ ഇടതിന്‍റെ വമ്പൻ തോൽവിയും തോമസിന്‍റെ പദവി നീണ്ടുപോകുന്നതും ഉന്നയിച്ച് തോമസിനെതിരെ കോൺഗ്രസ് നിരയിൽ നിന്നുയർന്നത് വലിയ പരിഹാസമായിരുന്നു. ഒടുവിലായിരുന്നു ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം. നേരത്തെ എ. സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ലഭിച്ചിരിക്കുന്നത്. ദില്ലിയിൽ സംസ്ഥാന സർക്കാരിന്‍റെ രണ്ടാം പ്രതിനിധിയാണ് കെ.വി. തോമസ്. നിലവിൽ നയതന്ത്രവിദഗ്ധൻ വേണു രാജാമണി ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി ഓവർസീസ് പദവിയിലുണ്ട്.

Back to top button
error: