വാഷിങ്ടൺ: സ്യൂട്ട്കേസിനുള്ളിൽ ശ്വാസം മുട്ടി കാമുകൻ മരിച്ച സംഭവത്തിൽ വിചാരണ നേരിടാൻ കാമുകി. ഒളിച്ചു കളിക്കുന്നതിനിടെ യുവതി കാമുകനെ സ്യൂട്ട്കേസിൽ അടയ്ക്കുകയായിരുന്നു. 2020 ഫെബ്രുവരിയിൽ ഫ്ലോറിഡയിലാണ് സംഭവം നടന്നതെങ്കിലും കേസിന്റെ വിചാരണ തുടങ്ങുന്നത് ഇപ്പോഴാണ്. ജോർജ്ജ് ടോറസ് മരിച്ച സംഭവത്തിൽ കാമുകി സാറ നേരത്തെ അറസ്റ്റിലായിരുന്നു.
മദ്യപിച്ച ശേഷം ഒളിച്ച് കളിക്കുന്നതിനിടെ കാമുകനായ ജോർജ്ജ് ടോറസിനെ സാറ മണിക്കൂറുകളോളം സ്യൂട്ട്കേസിലടച്ചിടുകയായിരുന്നു. ഇതേ തുടർന്നാണ് ഇയാൾക്ക് ജീവൻ നഷ്ടപ്പെട്ടത്. റിപ്പോർട്ട് അനുസരിച്ച്, സാറയും ജോർജ്ജും വൈൻ കുടിച്ചിരുന്നു. തുടർന്ന് ഇരുവരും ഒളിച്ച് കളിച്ചു. ആ സമയത്ത് ജോർജ്ജ് ഒരു സ്യൂട്ട്കേസിൽ കയറി ഒളിച്ചു. എന്നാൽ, ഇത് കണ്ട സാറ അത് പൂട്ടുകയും ചെയ്തു. ഇതിന്റെ ഒരു വീഡിയോ 2020 -ൽ വൈറലായിരുന്നു. അതിൽ ജോർജ്ജ് ‘എന്നെ തുറന്ന് വിടൂ, എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന് പറയുന്നത് കേൾക്കാം. എന്നാൽ, ‘നീ ഇത്രയും നാൾ എന്നോട് ചെയ്തതിനെല്ലാം ഉള്ളതാണ് ഇത്, സ്റ്റുപ്പിഡ്’ എന്നാണ് സാറ പറയുന്നത്. അപ്പോഴെല്ലാം തനിക്ക് ശ്വസിക്കാൻ പറ്റുന്നില്ല എന്ന് ജോർജ്ജ് ആവർത്തിച്ച് പറയുന്നുണ്ട്. എന്നാൽ, സാറ അത് കാര്യാമാക്കാതെ കിടന്നുറങ്ങാൻ പോയി. ജോർജ്ജ് തനിയെ സ്യൂട്ട്കേസ് തുറന്ന് പുറത്ത് വരും എന്നാണ് സാറ കരുതിയതത്രെ.
പിന്നീട്, കാമുകൻ സ്യൂട്ട്കേസിലാണ് എന്നത് അവൾ മറന്നുപോയി. മണിക്കൂറുകൾക്ക് ശേഷം അവൾ ഉറക്കമുണർന്നു. തുടരെയുള്ള ഫോൺബെല്ലാണ് അവളെ ഉണർത്തിയത്. അപ്പോഴും കാമുകൻ താഴെ എവിടെയെങ്കിലും കാണും എന്നാണ് അവൾ പ്രതീക്ഷിച്ചത്. എന്നാൽ, ജോർജ്ജ് സ്യൂട്ട്കേസിനകത്ത് തന്നെയായിരുന്നു. സംഭവം തിരിച്ചറിഞ്ഞ് സാറാ പെട്ടെന്ന് തന്നെ പെട്ടി തുറന്നെങ്കിലും ജോർജിന്റെ ശ്വാസം നിലച്ചിരുന്നു. ഉടൻതന്നെ അവർ എമർജൻസി സർവീസിൽ വിവരമറിയിച്ചു. പൊലീസ് എത്തുമ്പോഴേക്കും ജോർജ്ജ് മരിച്ചിരുന്നു. പൊലീസ് വരുമ്പോൾ സ്യൂട്ട്കേസിനടുത്ത് നിലത്ത് കിടക്കുകയായിരുന്നു ജോർജ്ജ്. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷം സാറ ഇപ്പോൾ വിചാരണയ്ക്ക് മുമ്പുള്ള ഹിയറിംഗിനായി ഹാജരാവുകയാണ്.