കൊച്ചി: സിനിമ പ്രൊമോഷൻ പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തിൽ എറണാകുളം ലോ കോളജ് വിദ്യാർത്ഥിക്ക് കാരണം കാണിക്കൽ നോട്ടീസ്. ലോ കോളജ് പ്രിൻസിപ്പലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇന്ന് തന്നെ ഇതിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
അതിനു പിന്നാലെ പ്രതികരണവുമായി അപർണ തന്നെ രംഗത്തെത്തി. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണെന്ന് അപര്‍ണ ബാലമുരളി പറഞ്ഞു. ‘കൈപിടിച്ച് എഴുന്നേല്‍പിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ലെന്നതാണു കാരണം. എന്റെ എതിര്‍പ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി’- അപര്‍ണ പറഞ്ഞു.