- പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
അടിമാലി: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വിഷം കലര്‍ന്ന മദ്യം നല്‍കി കൊല നടത്തിയ സംഭവത്തില്‍ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി അടിമാലി പുത്തന്‍പുരയ്ക്കല്‍ സുധീഷിനെ (മുത്ത് 24) നീണ്ടപാറയിലെ വീട്ടില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയത്. അടിമാലിയില്‍നിന്നും കുരങ്ങാട്ടി റോഡില്‍ കുത്തനെയുള്ള പാറ മുകളിലാണ് നീണ്ടപാറ. പോലീസ് സുധീഷിനേയും കൂട്ടി രാവിലെ പത്തോടെ പ്രതിയുടെ വീട്ടില്‍ എത്തി. മദ്യകുപ്പി തുളച്ച ഭാഗം ഒട്ടിച്ച പശ പോലീസ് കണ്ടെത്തി. ഏല ചെടിയില്‍ തളിക്കുന്ന പൊടി രൂപത്തിലുള്ള കീടനാശിനിയാണ് സുധീഷ് മദ്യത്തില്‍ കലര്‍ത്തിയത്. ഇതും കണ്ടെടുത്തു.
മദ്യ കുപ്പി കത്തിച്ച പ്രദേശവും കത്തിക്കാന്‍ ഉപയോഗിച്ച വസ്തുക്കളും പ്രതി പോലീസിന് കാണിച്ച് നല്‍കി. പ്രതി പോലീസിനോട് രൂക്ഷമായാണ് പെരുമാറിയത്. മരിച്ച കുഞ്ഞുമോന്റെ സഹോദരന്‍ തെളിവെടുപ്പിനിടെ പ്രതിയ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ടാണ് ശാന്തരാക്കിയത്. സുധീഷ് വീടിന് സമീപത്തെ ഒരു ഷെഡിലാണ് താമസിച്ചിരുന്നത്. ഷെഡിന്റെ പൂട്ട് തുറക്കുന്നതിനും പരിശോധിക്കുന്നതിനും സുധീഷ് എതിര്‍പ്പ് പ്രകടിപ്പിച്ചു. തിരികെ പോരുമ്പോള്‍ ഷെഡ് കൃത്യമായി പൂട്ടാന്‍ പ്രതി നിര്‍ബന്ധം പിടിച്ചു. താന്‍ പോകുമ്പോള്‍ ഇവിടെ കഞ്ചാവ് കൊണ്ടുവന്ന് ആരെങ്കിലും വെയ്ക്കുവാന്‍ സാധ്യതയുള്ളതായി പ്രതി പോലീസിനോട് പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങി. വൈകുന്നേരത്തോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ വെളളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ മനോജിനോടുള്ള വ്യക്തി വൈരാഗ്യം മൂലം ഇയാളെ കൊലപ്പെടുത്താന്‍ നടത്തിയ ആസൂത്രിതമായ കെണിയില്‍പ്പെട്ട് മരിച്ചത് സുധീഷിന്റെ അമ്മാവന്‍ കുഞ്ഞുമോനായിരുന്നു. സംഭവത്തില്‍ അനുവും മനോജും ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. ഈ മാസം എട്ടിനായിരുന്നു കേസിന് ആസ്പപദമായ സംഭവം ഉണ്ടായത്. മനോജിനോടുള്ള സാമ്പത്തിക വൈരാഗ്യം മാത്രമായിരുന്നൊ ആസൂത്രിത നീക്കത്തിന് കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.