പാലക്കാട്: കുഴൽമന്ദത്ത് യുവാക്കൾ ബസിനടിയിൽപ്പെട്ടു മരിച്ചസംഭവംത്തിൽ ഉത്തരവാദിയായ കെ.എസ്.ആർ.ടി.സി. ഡ്രൈവറെ പിരിച്ചുവിട്ടു. 2022 ഫെബ്രുരി 7 നാണ് കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ചത്. പീച്ചി സ്വദേശി സിഎൽ ഔസേപ്പിനെയാണ് സർവീസിൽനിന്ന് പുറത്താക്കിയത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കൃത്യവിലോപം കെഎസ്ആർടിസിയ്ക്ക് അവമതിപ്പുണ്ടാക്കിയതായി വിലയിരുത്തിയാണ് നടപടി. ഔസേപ്പ് തുടർന്നാൽ കൂടുതൽ മനുഷ്യ ജീവൻ നഷ്ടമാകുമെന്ന നിരീക്ഷണത്തോടെയാണ് നടപടി.
കഴിഞ്ഞ വർഷം ഫെബ്രുവരി 7 ന് രാത്രി 10 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പാലക്കാട് നിന്ന് വടക്കഞ്ചേരിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിടിച്ചാണ് ബൈക്ക് യാത്രക്കാർ മരിച്ചത്. റോഡിൻ്റെ ഇടതു വശത്ത് ബസിന് പോകാൻ ഇടം ഉണ്ടായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവർ ബസ് വലത്തോട്ട് വെട്ടിച്ചു. ഇതാണ് അപകട കാരണം. അപകടത്തെ തുടർന്ന് ഔസേപ്പ് സസ്പെൻഷനിലായിരുന്നു. ഡ്രൈവർ ഔസേപ്പ് മനപൂർവം അപകടമുണ്ടാക്കിയെന്ന ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൻ്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി. വിശദമായ അന്വേഷണം നടത്തി. അപകടത്തിൻ്റെ ദൃശ്യങ്ങളിൽ ഡ്രൈവറുടെ ഭാഗത്തെ വീഴ്ച വ്യക്തമാണ്.
ഡ്രൈവർ കുറച്ചു കൂടി ജാഗ്രത പുലർത്തിയിരുന്നുവെങ്കിൽ രണ്ടു യുവാക്കളുടെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണ്ടെത്തൽ. കൃത്യവിലോപം കെ.എസ്.ആർ.ടി.സിയ്ക്ക് അവമതിപ്പുണ്ടാക്കി. ഔസേപ്പ് ഇതിനു മുമ്പും അപകടകരമായ രീതിയിൽ വാഹനമോടിച്ചതായി രേഖയിലുണ്ട്. പൊതു നന്മയും കെ.എസ്.ആർ.ടി.സിയുടെ താത്പര്യവും മുൻനിർത്തിയാണ് നടപടിയെന്ന് പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു.