കൊച്ചി: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിലാണെന്നു ബിഗ് ബോസ് താരവും സാമൂഹിക പ്രവർത്തകയുമായ ദിയ സനയുടെ ഫേസ്ബുക് പോസ്റ്റ്. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ചാണ് ദിയയുടെ ഫേസ്ബുക് കുറിപ്പ്.
സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മോളി കന്നികഥാപാത്രമായ ‘ചാള മേരി’ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെട്ടതും. പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്കെത്തിയ മോളി പിന്നീട് അന്നയും റസൂലും, അമർ അക്ബർ അന്തോണി, ദ ഗ്രേറ്റ് ഫാദർ, കേരള കഫെ, ചാപ്പ കുരിശ്, ചാർലി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന ടുമോറോ എന്ന ഹോളിവുഡ് ചിത്രത്തിൽ മോളി അഭിനയിക്കുന്നു എന്നതാണ് നടിയെക്കുറിച്ച് ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരം.