ചെന്നൈ: തമിഴ് സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അജിത്ത് കുമാർ. അജിത്തിൻറെ തുനിവ് ഈ വരുന്ന ജനുവരി 11നാണ് റിലീസ് ആകാനിരിക്കുന്നത്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ കഴിഞ്ഞ രണ്ട് ചിത്രങ്ങളായ നേർകൊണ്ട പാർവൈ, വലിമൈ) സംവിധാനം ചെയ്തതും വിനോദ് ആയിരുന്നു. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. റെഡ് ജൈൻറ് മൂവിസ് തമിഴ്നാട്ടിലും, ലൈക്ക പ്രൊഡക്ഷൻ വിദേശത്തും ചിത്രം വിതരണം ചെയ്യുന്നത്.
എന്നാൽ പുതിയ വാർത്തകൾ പ്രകാരം സൌദി അറേബ്യയിൽ ചിത്രത്തിൻറെ റിലീസ് നിരോധിച്ചുവെന്നാണ് വിവരം. ട്രാൻസ്ജെൻറർ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാൻ കാരണം എന്നാണ് റിപ്പോർട്ട്. അതേ സമയം മറ്റു ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിൻറെ സെൻസറിംഗ് കഴിഞ്ഞിട്ടില്ലെന്നും ഇത് പൂർത്തികരിച്ചാൽ കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്.
നേരത്തെയും ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ചിത്രങ്ങൾക്ക് നിരോധനം ഉണ്ടായിട്ടുണ്ട്. നേരത്തെ വിജയ് നായകനായ ബീസ്റ്റ്, വിഷ്ണു വിശാൽ നായകനായ എഫ്ഐആർ എന്നിവയ്ക്കും ഉള്ളടക്കത്തിൻറെ പേരിൽ ഗൾഫ് രാജ്യങ്ങളിൽ നിരോധനം ലഭിച്ചിരുന്നു.
നേരത്തെ മോഹൻലാൽ ചിത്രമായ മോൺസ്റ്ററും സമാനമായ അവസ്ഥ ഗൾഫിൽ നേരിട്ടുവെന്ന് വിവരമുണ്ടായിരുന്നു. എൽജിബിടിക്യു രംഗങ്ങൾ ഉള്ളതിനാൽ ചിത്രത്തിന് ഗൾഫ് മേഖലയിൽ ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചെന്നാണ് മൂവി ട്രാക്കേഴ്സായ ലെറ്റ്സ് സിനിമ അന്ന് റിപ്പോർട്ട് ചെയ്തത്. ആവശ്യമായ മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചാണ് പിന്നീട് പ്രദർശനാനുമതി വാങ്ങിയത്.
തുനിവിൻറെ തിരക്കഥ എച്ച് വിനോദിന്റേത് തന്നെയാണ് . മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോൺ കൊക്കെൻ, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേം കുമാർ, ആമിർ, അജയ്, സബി, ജി പി മുത്തു തുടങ്ങി ഒട്ടേറെ താരങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.’തുനിവി’ന്റെ ഓടിടി പാർട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയറ്ററർ റീലിസീന് ശേഷമാകും ഒടിടിയിൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക.