KeralaNEWS

ജനങ്ങളുടെ പോരാട്ടത്തിന് യു.ഡി.എഫ് മുന്നില്‍ നില്‍ക്കും, എയ്ഞ്ചല്‍ വാലിയില്‍ സാന്ത്വനമായി പ്രതിപക്ഷ നേതാവ്; മലയോര കര്‍ഷകര്‍ക്കുവേണ്ടി യു.ഡി.എഫ് ആരംഭിക്കുന്ന സമര പോരാട്ടങ്ങള്‍ക്ക് തുടക്കം

കോട്ടയം: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും പിടിപ്പുകേടും മൂലം കുടിയിറക്ക് ഭീഷണി നേരിടുന്ന എയ്ഞ്ചല്‍ വാലിയില്‍ സാന്ത്വനമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എത്തി. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ഒരു നാടിന്റെ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ യു.ഡി.എഫ് സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യാനാണ് പ്രതിപക്ഷനേതാവ് ഏയ്ഞ്ചല്‍ വാലിയില്‍ എത്തിയത്.

വനം വകുപ്പിന്റെ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം വനം മേഖലയില്‍ ഉള്‍പ്പെടുത്തിയ എയ്ഞ്ചല്‍ വാലി, പമ്പാവാലി അടക്കമുള്ള മലയോര മേഖലയിലെ കര്‍ഷകര്‍ക്കുവേണ്ടി യു.ഡി.എഫ് ആരംഭിക്കുന്ന അതിശക്തമായ സമര പോരാട്ടങ്ങള്‍ക്ക് ഇതോടെ തുടക്കമായി. ഉപഗ്രഹ സര്‍വ്വെ വഴിയും വനം വകുപ്പിന്റെ സര്‍വ്വെ വഴിയും തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് എഴുപതിലേറെ വര്‍ഷങ്ങളായി ജനങ്ങള്‍ അധിവസിക്കുന്ന എയ്ഞ്ചല്‍ വാലിയിലെയും, പമ്പാവാലിയിലെയും സ്ഥലങ്ങള്‍ വനഭൂമിയാക്കി മാറ്റിയത്.

Signature-ad

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപാധിരഹിതമായി പട്ടയം നല്‍കിയ പ്രദേശങ്ങളാണ് ഒരു സുപ്രഭാതത്തില്‍ ഇടത് സര്‍ക്കാര്‍ വനഭൂമിയായി പ്രഖ്യാപിക്കുന്നത്. എരുമേലി പഞ്ചായത്തിലെ 11,12, വാര്‍ഡുകളായ പമ്പാവാലി, ഏയ്ഞ്ചല്‍വാലി പ്രദേശങ്ങള്‍ വനഭൂമിയായും 13, 14 വാര്‍ഡുകളായ മൂക്കന്‍പെട്ടി, കണമല പ്രദേശങ്ങള്‍ ബഫര്‍സോണായുമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ഏയ്ഞ്ചല്‍വാലി സെന്റ് മേരീസ് സ്‌ക്കൂള്‍ ഓഡിറേറാറിയത്തില്‍ തിങ്ങിനിറഞ്ഞ വന്‍ജനാവലിയെ സാക്ഷി നിര്‍ത്തി ജനങ്ങളുടെ പോരാട്ടത്തിന് യു.ഡി.എഫ് മുന്നില്‍ നില്‍ക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉറപ്പ് നല്‍കി.

ഒരുപാട് മഞ്ഞക്കുറ്റികള്‍ പിഴുതെറിഞ്ഞ ചരിത്രമുള്ള നാടാണിതെന്ന് ഓര്‍മ്മിപ്പിച്ച പ്രതിപക്ഷനേതാവ് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ പോരാട്ടത്തിന് എന്നും യു.ഡി.എഫ് ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി. മഹാപ്രളയത്തിനും മഹാമാരിക്കും ശേഷം കേരളത്തിലെ ജനങ്ങള്‍ക്ക് മേല്‍ പെയ്തിറങ്ങിയ മഹാദുരന്തമാണ് ബഫര്‍സോണ്‍ വിഷയം എന്ന് ചൂണ്ടിക്കാട്ടി. ഈ ദുരന്തത്തില്‍ നിന്ന് രക്ഷക്കായുള്ള പോരാട്ടത്തില്‍ നിങ്ങള്‍ ഒരിക്കലും ഒറ്റക്കാവില്ലെന്നും അദ്ദേഹം നാട്ടുകാരെ ഓര്‍മ്മിപ്പിച്ചു.

ആൻ്റോ ആൻ്റണി എം.പി. അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നാട്ടകം സുരേഷ്, ടോമി കല്ലാനി, പി.എ.സലിം, സജി മഞ്ഞക്കടമ്പിൽ, ഫിൽസൺ മാത്യൂസ്, അസീസ് ബഡായിൽ, സലീം പി.മാത്യു, പ്രകാശ് പുളിക്കൻ, റോയി കപ്പലുമാക്കൻ, ടി.വി. ജോസഫ്, മുണ്ടക്കയം സോമൻ, തോമസ് കല്ലാടൻ, മാത്യു ജോസഫ്, സുബി സണ്ണി, ഫാ.ജെയിംസ് കൊല്ലംപറമ്പിൽ, ഫാ:സെബാസ്റ്റ്യൻ ഉള്ളാട്ട്, ഫാ.മാത്യു നിരപ്പേൽ, ശശിധരൻ പാറയിൽ എന്നിവർ പ്രസം​ഗിച്ചു.

Back to top button
error: