തിരുവനന്തപുരം: സ്ഥലത്തിന്റെ ഉടമയറിയാതെ അറുപതോളം തെങ്ങുകള്‍ മുറിച്ച് കടത്തിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍. മംഗലപുരം തോന്നയ്ക്കലാണ് സംഭവം. സ്ഥലം ഉടമയുടെ അയല്‍വാസി സുധീറിനെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടേക്കറില്‍ നിന്ന് രണ്ട് ദിവസമെടുത്താണ് സംഘം അറുപതോളം തെങ്ങുകള്‍ മുറിച്ച് കടത്തിയത്. തമിഴ്നാട്ടില്‍ ഇഷ്ടിക കളത്തില്‍ കത്തിക്കാനാണ് പ്രതി തെങ്ങുകള്‍ മുറിച്ചു കടത്തിയതെന്ന് പോലീസ് പറഞ്ഞു.
അയല്‍വാസിയായ സുധീര്‍, ഫസല്‍ എന്നിവരാണ് തമിഴ്നാട് നിന്നെത്തിയ സംഘത്തിന് തെങ്ങ് മുറിച്ച് കടത്താന്‍ എല്ലാ സഹായവും ചെയ്ത് കൊടുത്തത്. സുധീറിന്റെ കൂട്ടുപ്രതിയായ ഫസല്‍ ഇപ്പോള്‍ ഒളിവിലാണ്. തടിക്കച്ചവടക്കാരനായ ഫസല്‍ വഴിയാണ് സുധീര്‍ തെങ്ങ് മുറിക്കുന്നതിനുള്ള ഒത്താശ ചെയ്തതെന്ന് പോലീസ് പറയുന്നു. രണ്ടാം ദിവസം തെങ്ങ് മുറിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപ വാസികളാണ് സ്ഥലം ഉടമയെ സംഭവം വിളിച്ചറിയിച്ചത്. തുടര്‍ന്ന് സ്ഥലം ഉടമായ ഷമീനയുടെ സഹോദരന്‍ സ്ഥലത്തെത്തി നോക്കിയപ്പോളാണ് പുരയിടത്തിന്റെ പുറകിലുളള മതില്‍ വഴി മുറിച്ച തടികള്‍ ലോറിയില്‍ കയറ്റുന്നതായി കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍, പോലീസെത്തുമെന്നറിഞ്ഞതോടെ സംഘം ലോറിയും തടികളും ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
പോലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാര്‍ത്താണ്ഡത്തിനടുത്തുളള ഇഷ്ടിക ചൂളയ്ക്കടുത്ത് വെച്ച് തടികള്‍ കടത്താന്‍ ശ്രമിച്ച മറ്റൊരു ലോറിയും പോലീസ് പിടികൂടി. എന്നാല്‍, ആദ്യ ദിവസം തടി കടത്തിയ ലോറികള്‍ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തില്‍ സ്ഥലം ഉടമയ്ക്ക് ആറുലക്ഷം രൂപ നഷ്ടമുണ്ടായതായി പോലീസ് അറിയിച്ചു.