KeralaNEWS

മാനദണ്ഡങ്ങൾ മറികടന്ന് സ്വകാര്യ ആശുപത്രിയ്ക്ക് അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി അവയവങ്ങൾ നൽകിയതായി പരാതി

തിരുവനന്തപുരം: സർക്കാർ മാനദണ്ഡങ്ങൾ മറികടന്ന് സ്വകാര്യ ആശുപത്രിയ്ക്ക് അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി അവയവങ്ങൾ നൽകിയതായി പരാതി ഉയർന്നു. തിരുവനന്തപുരം ആനയിറയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ച വ്യക്തിയുടെ കരൾ അതേ ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രണ്ട് രോഗികൾക്ക് പകുത്ത് നൽകിയതിനെ തുടർന്നാണ് ആരോപണം ഉയർന്നത്. സ്വകാര്യ ആശുപത്രിയിൽ വച്ച് മസ്തിഷ്ക മരണം സംഭവിക്കുന്ന ദാതാവിൻറെ ഏതെങ്കിലും ഒരു അവയവമെങ്കിലും സർക്കാർ ആശുപത്രിയിലെ രോഗിക്ക് നൽകണമെന്നതാണ് നിലവിലെ വ്യവസ്ഥ എന്നാൽ ആ വ്യവസ്ഥ ലംഘിക്കപ്പെട്ടെന്നും ആരോപണമുയർന്നു.

സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിക്കുന്ന രോഗികളിൽ നിന്നും അവയവങ്ങൾ ദാനം ചെയ്യുന്നതിന് സർക്കാർ മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിക്കുന്നയാളിൽ നിന്ന് അവയവങ്ങൾ ദാനം ചെയ്യുമ്പോൾ ആദ്യ പരിഗണന നൽകേണ്ടത് അതേ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയുന്ന ഏറ്റവും മോശം രോഗാവസ്ഥയിലുള്ള രോഗിക്കാണ്. ഹൃദയം, കരൾ, ഒരു വൃക്ക എന്നിവ അതേ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്ക് നൽകാം. അത് പോലെ തന്നെ ദാതാവിൻറെ ഏതെങ്കിലും ഒരു അവയവമെങ്കിലും മൃതസഞ്ജീവനി പദ്ധതി വഴി രജിസ്റ്റർ ചെയ്തിട്ടുള്ള മുൻഗണനാ പട്ടിക പ്രകാരം അവയവം കാത്തിരിക്കുന്ന രോഗിക്കാണ് നൽകേണ്ടതെന്നും വ്യവസ്ഥയിൽ പറയുന്നു.

Signature-ad

ഒരു രോഗിയ്ക്ക് ഒന്നിൽ കൂടുതൽ അവയവങ്ങൾ ആവശ്യമായി വരികയും ഇവ പൊരുത്തപ്പെടുന്ന ദാതാവും ലഭ്യമാണെങ്കിൽ ആ രോഗിയ്ക്ക് പ്രാധാന്യം നൽകാമെന്നും ഉത്തരവിൽ പറയുന്നു. 2012 -ൽ പുറത്തിറങ്ങിയ ഈ ഉത്തരവ് മുമ്പ് അവയവ ദാനത്തിന് രൂപീകരിച്ച കെ എൻ ഒ എസ് (KNOS) പദ്ധതിയുടേതാണ്. ഇത് പ്രകാരമാണ് ഇരുവൃക്കകളും സർക്കാർ മെഡിക്കൽ കോളേജിന് നൽകാതെ സ്വകാര്യ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്ക് നൽകിയതെന്നാണ് ഉയരുന്ന ആരോപണം.

എന്നാൽ ഇവിടെ ഒരു രോഗിക്ക് കരൾ നൽകാനുള്ള ഫൈനൽ അലോക്കേഷൻ നൽകിയതിന് ശേഷം വീണ്ടും അതേ കരൾ അതേ ആശുപത്രിയിലെ തന്നെ മറ്റ് രണ്ട് രോഗികൾക്ക് കൂടി പകുത്ത് നൽകുകയായിരുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നു. അവയവ ദാനങ്ങളിലെ വാണിജ്യ താൽപര്യങ്ങൾ ഒഴിവാക്കാനും അവയവ ദാനം കാര്യക്ഷമമായും സുഗമമായും നടത്താനും ആണ് കെ സോട്ടോ എന്ന സൊസൈറ്റി സംസ്ഥാന ആരോഗ്യ വകുപ്പ് രൂപീകരിച്ചത്. അവയവദാനവുമായി ബന്ധപ്പെട്ട അധികാരികളോ ലിവർ കമ്മിറ്റിയോ അറിയാതെയാണ് ഇപ്പോൾ ഇത്തരമൊരു അവയവമാറ്റം നടന്നിരിക്കുന്നതെന്നും പരാതിക്കാർ ആരോപിക്കുന്നു.

പ്രസ്തുത സംഭവത്തിൽ ചെറുപ്പക്കാരും അതീവ ഗുരുതരാവസ്ഥയിലുള്ളതുമായ രണ്ട് രോഗികൾക്ക് ജീവൻ രക്ഷിക്കാൻ രണ്ട് അവയവങ്ങൾ ആവശ്യമായിരുന്നുവെന്നും ഈ ഗുരുതര സാഹചര്യം കണക്കിലെടുത്താണ് അതേ ആശുപത്രിയിൽ തന്നെയുള്ള രോഗികൾക്ക് അവയവങ്ങൾ നൽകിയതെന്നുമാണ് ഇതുമായി ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം. മാത്രമല്ല, രക്ത ഗ്രൂപ്പുകൾ സാമ്യമുള്ളതും ദാതാവിൻറെ കരൾ സ്വീകരിക്കാൻ കഴിയുന്നതുമായ രോഗികൾ മറ്റ് സ്വകാര്യ ആശുപത്രിയിലടക്കം ഗുരുതരാവസ്ഥയിൽ ഇല്ലാതിരുന്നതും ഈ രണ്ട് രോഗികൾക്കും അവയവങ്ങൾ നൽകാൻ കാരണമായെന്നും മൃതസഞ്ജീവനിയുടെ ചുമതലയുള്ള ഡോ. നോബിൾ ഗ്രേഷ്യസ് പ്രതികരിച്ചു.

Back to top button
error: