KeralaNEWS

ഒരു മാസത്തെ കറന്റ് ബില്ലടച്ചില്ല; സ്കൂളിന്റെ ഫ്യൂസൂരി വൈദ്യുതി ബോർഡ്‌; വിദ്യാർത്ഥികൾ ഇരുട്ടിൽ; പഞ്ചായത്ത്‌ പണം നൽകിയില്ലെന്ന് ആരോപണം 

മലപ്പുറം: ഒരു മാസത്തെ കറന്റ് ബില്ലടയ്ക്കാത്തതിന്റെ പേരിൽ സ്കൂളിന്റെ ഫ്യൂസൂരി വൈദ്യുതി ബോർഡ്‌. ഇതോടെ കുരുന്നു വിദ്യാർത്ഥികൾ ഇരുട്ടിലായി. മലപ്പുറം പറപ്പൂര്‍ പഞ്ചായത്ത് മുണ്ടോത്ത്പറമ്പ് ഗവ. യു.പി സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ മാസത്തെ ബില്‍ തുക അടച്ചില്ലെന്ന കാരണത്താലാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സ്‌കൂളിലെ വൈദ്യുതി വിച്ഛേദിച്ചത്. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നല്‍കിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. വൈദ്യുതി ബന്ധം ഇല്ലാതായതോടെ വെള്ളവും വെളിച്ചവുമില്ലാതെ വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായത്.

കഴിഞ്ഞ മാസത്തെ ബില്‍ തുകയായി 3,217 രൂപയാണ് അടയ്ക്കാനുള്ളത്. സ്‌കൂളിന്റെ പക്കല്‍ പണമില്ലെന്നും നേരത്തെ അടച്ച 17,000 രൂപയോളം പഞ്ചായത്ത് തരാനുണ്ടെന്നും അധ്യാപക- രക്ഷാകര്‍തൃ സമിതി ആരോപിക്കുന്നു. പറപ്പൂര്‍ പഞ്ചായത്ത് അധികൃതരുടെ പകപോക്കലാണ് വൈദ്യുതി വിച്ഛേദിച്ച സംഭവത്തിന് പിന്നിലെന്നാണ് പി.ടി.എ ഭാരവാഹികള്‍ ആരോപിക്കുന്നത്. വര്‍ഷങ്ങളായി പഞ്ചായത്തും സ്‌കൂളും തമ്മില്‍ പല വിഷയത്തിലും തര്‍ക്കമുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വിഷയവും പകപോക്കലാണെന്ന് പി.ടി.എ ആരോപിക്കുന്നത്. എന്നാൽ, സ്‌കൂളിന് നല്‍കാനുള്ള പണം മുഴുവന്‍ നല്‍കിയെന്നാണ് പഞ്ചായത്ത് ഭരണകൂടം പറയുന്നത്. കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ച സാഹചര്യമറിയില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. എന്നാല്‍, വൈദ്യുതി പുനസ്ഥാപിക്കുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ വെള്ളം എത്തിച്ച് ഈ പ്രശ്‌നത്തിന് താത്കാലിക പരിഹാരം കണ്ടിട്ടുണ്ട്. ആറ് വര്‍ഷം മുമ്പ് സ്‌കൂളില്‍ അങ്കണ്‍വാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്‌നങ്ങളാണ് പഞ്ചായത്തും പി.ടി.എയും തമ്മിലുള്ള പോരിന് കാരണം.

Back to top button
error: