KeralaNEWS

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു

തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി നൽകി. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സത്യപ്രതിഞ്ജ. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സ്പീക്കർ, എൽഡിഎഫ് നേതാക്കൾ, സജി ചെറിയാന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അതേ സമയം യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു.

കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയത്. അറ്റോർണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജിക്കെതിരായ കേസിൽ കോടതിയുടെ അന്തിമതീർപ്പ് വരാത്ത സാഹചര്യത്തിൽ പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നാണ് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചത്.

Signature-ad

എന്നാൽ പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല. എല്ലാ കാര്യങ്ങളിലും ഗവര്‍ണറും സര്‍ക്കാരും വിയോജിപ്പുകള്‍ പറയുകയും ഒടുവില്‍ ഒന്നിച്ച് ചേരുകയും ചെയ്യുന്ന കാഴ്ചയാണ് കേരളം കണ്ടിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇവര്‍ രണ്ടു പേരെയും യോജിപ്പിക്കാനുള്ള ഇടനിലക്കാരുണ്ട്. ഇതില്‍ ബി.ജെ.പി നേതാക്കളുടെയും പങ്കാളിത്തമുണ്ട്. പ്രതിപക്ഷത്ത് നിന്ന് ആരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയത്. സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതിൽ നിർണായകമായത് അറ്റോർണി ജനറൽ നൽകിയ ഉപദേശം തന്നെയായിരുന്നു.

മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ തള്ളിയാൽ മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു അറ്റോർണി ജനറൽ ഗവർണർക്ക് നൽകിയ നിയമോപദേശം. സംസ്ഥാനത്തെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ഭരണഘടന മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നൽകുന്നു. ശുപാർശ മറികടന്നാൽ ഭരണഘടനയെ ഗവർണർ തന്നെ മറികടന്നുവെന്ന് വരുമെന്നും അതിനാൽ വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നൽകാമെന്നായിരുന്നു ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ശക്തമായ വിയോജിപ്പുകളോടെ ഗവർണർ അംഗീകരിച്ചത്. മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സജിയുടെ മടക്കത്തിൽ കടുത്ത വിയോജിപ്പോടെയുള്ള ഗവർണറുടെ അനുമതി ലഭിച്ചത്. പല നിയമവിദഗ്ധരിൽ നിന്നും നിയമോപദേശങ്ങൾ തേടി പരമാവധി സർക്കാരിനെ മുൾമുനയിൽ നിർത്തിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ശുപാർശ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചത്.

Back to top button
error: