KeralaNEWS

കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു

കൊച്ചി: കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് (61)അന്തരിച്ചു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. രണ്ടുവര്‍ഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടര്‍ന്ന് കുറച്ചു നാളായി വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ്‌ ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു. ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു അദ്ദേഹം. മാതൃഭൂമി പ്രസിദ്ധീകരിച്ച ചന്ദ്രോത്സവം എന്ന നോവല്‍ ശ്രദ്ധ നേടിയിരുന്നു.

1993-ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടക സംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായി. ‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കവി, നാടകകൃത്ത്, അവതാരകന്‍ എന്നീ നിലയില്‍ പ്രശസ്തനായിരുന്നു.  ഭാര്യ സനിതാ പ്രസാദ്.

Back to top button
error: