
ന്യൂഡല്‍ഹി: എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിച്ചത്. അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ നിരക്കില്‍ വര്‍ധനയില്ല. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ വില ഇന്ന് മുതല്‍ 1,769 രൂപയായി.
2023 ജനുവരി 1 മുതല്‍ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 25 രൂപ വരെ വര്‍ധിപ്പിച്ചുവെന്നാണ് എണ്ണ വിപണന കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നത്. വില വര്‍ധന റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ മുതലായവയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. ഹോട്ടലുകള്‍ വിലവര്‍ധനയിലേക്ക് പോവാനും സാധ്യതയുണ്ട്.
ഗാര്‍ഹിക സിലിണ്ടറിന്റെ വില അവസാനമായി 2022 ജൂലൈ ആറിനാണ് വര്‍ധിപ്പിച്ചത്. ഇത് ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ ആകെ വില 153.5 രൂപയായി ഉയര്‍ത്തി. 2022 ല്‍ നാല് തവണയാണ് വില വര്‍ധിപ്പിച്ചത്. 2022 മാര്‍ച്ചില്‍ ആദ്യം 50 രൂപ വര്‍ധിപ്പിച്ചു, പിന്നീട് വീണ്ടും 50 രൂപ വര്‍ധിപ്പിച്ചു. പിന്നീട് മേയ് മാസത്തില്‍ 3.50 രൂപ ഉയര്‍ത്തി. ഒടുവില്‍, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു.






