IndiaNEWS

കോവിഡിനെ നേരിടാൻ ഇനി നേസൽ വാക്സിനും, ഇന്നു മുതൽ ലഭ്യമാകും, വൈറസിനെതിരെ പൊരുതാൻ രാജ്യം

ന്യൂഡൽഹി: ചൈനയിൽ ഉൾപ്പെടെ കോവിഡ് വൈറസ് വ്യാപിക്കുമ്പോൾ വീണ്ടുമൊരു കോവിഡ് തരംഗം ഉണ്ടാകാതിരിക്കാനുള്ള കർശന മുന്നൊരുക്കങ്ങളുമായി കേന്ദ്രം. ചൊവ്വാഴ്ച മുതൽ രാജ്യവ്യാപകമായി ആശുപത്രികളിൽ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കും. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ മുൻനിർത്തിയുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രണ്ടു തുള്ളി മൂക്കിലൂടെ നൽകുന്ന (നേസൽ വാക്സീൻ) വാക്സീന് കേന്ദ്രം നേരത്തെ അനുമതി നൽകിയിരുന്നു. കോവീഷിൽഡ്, കോവാക്സീൻ എന്നീ വാക്സീനുകളുടെ രണ്ടു ഡോസ് സ്വീകരിച്ചവർക്ക് അടിയന്തര സാഹചര്യത്തിൽ ഇത് ബൂസ്റ്റർ ഡോസായി സ്വീകരിക്കാമെന്നാണ് ഡ്രഗ്സ് കൺട്രോൾ ഓഫ് ഇന്ത്യ അറിയിച്ചത്‌. വാക്സീനേഷൻ യഞ്ജത്തിൽ ഇന്നു മുതൽ നേസൽ വാക്സീനും ഉൾപ്പെടുത്തും. കോവിൻ പോർട്ടലിലും ഇവ കാണാൻ സാധിക്കും. രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ ഈ വാക്സീൻ ലഭ്യമാണെന്നും സർക്കാർ അറിയിച്ചു.

Signature-ad

ചൈന, ബ്രസീൽ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്ന് കോവിഡ് ദക്ഷിണേഷ്യയിലേക്ക് വ്യാപിക്കുകയാണ്. 20–35 ദിവസത്തിനുള്ളിലാണ് വൈറസ് ഇന്ത്യയിലെത്തിയത്. അതിനാൽ നാം ജാഗരൂകരായിരിക്കണമെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ആഗോള തലത്തിൽ 81.2% കേസുകളും 10 രാജ്യങ്ങളുടെ സംഭാവനയാണ്. ജപ്പാനാണ് ഇതിന് മുൻപന്തിയിലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ദുർബലമായ വാക്സിനുകൾ, കുറഞ്ഞ വാക്സിനേഷൻ, സ്വാഭാവിക പ്രതിരോധശേഷി ഇല്ലായ്മ, നിയന്ത്രണങ്ങൾ പെട്ടെന്ന് മാറ്റിയത് എന്നിവയാണ് കോവിഡ് വ്യാപനം ഉയരാൻ കാരണമാകുന്നതെന്നു വിദഗ്ധരെ ഉദ്ധരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുക് മാണ്ഡവ്യ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.

Back to top button
error: