KeralaNEWS

‘ഞാൻ കൊടുത്തത് മിഠായിയും കേക്കും മാത്രം, അവരെനിക്ക് സമ്മാനിച്ചത് എക്കാലത്തേക്കും ഒരു സായാഹ്നം’ മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് കാതോലിക്കാബാവ

തിരുവനന്തപുരത്ത് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട്‌സ് സെന്ററില്‍ പരിശീലനം നേടുന്ന ഭിന്നശേഷി കുട്ടികള്‍ക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തെക്കുറിച്ച് ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് കുറിപ്പുമായി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ :

‘കേക്കും മിഠായികളും പ്രാര്‍ഥനയും മാത്രമേ എന്റെ കൈകളിലുണ്ടായിരുന്നുള്ളൂ. പക്ഷേ അവരെനിക്ക് തിരിച്ച് എക്കാലത്തേക്കും ഓര്‍ത്തിരിക്കാനായി മധുരതരമായ ഒരു സായാഹ്നം തന്നെ സമ്മാനിച്ചു.’
ബാവ കുറിച്ചു.

Signature-ad

ഭിന്നശേഷിക്കാരായ കുട്ടികളില്‍ ദൈവത്തിന്റെ ഇന്ദ്രജാലമുണ്ടെന്നും അവര്‍ ദൈവത്തിന്റെ മക്കളാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നു.
കാതോലിക്കാബാവയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
‘നാടെങ്ങും ക്രിസ്മസ് കാലത്തിന്റെ നക്ഷത്രത്തിളക്കമാണ്. നഷ്ടമായ ആഘോഷനിമിഷങ്ങള്‍ മനുഷ്യരാശിക്ക് തിരിച്ചുകിട്ടിയിരിക്കുന്നു. ഒരുപാട് ക്രിസ്മസ് ചടങ്ങുകളിലേക്ക് ക്ഷണം ലഭിക്കുന്നുണ്ട്. അലങ്കാരങ്ങളും ആര്‍ഭാടങ്ങളും ക്രിസ്മസിന്റെ യഥാര്‍ഥസന്ദേശത്തെ മറയ്ക്കരുത് എന്നതാണ് ഈയുള്ളവന്റ കാഴ്ചപ്പാട്. അതുകൊണ്ട് ആരുമില്ലാത്തവരുടെ കൂടെ ക്രിസ്മസ് സന്തോഷം പങ്കിടാൻ തീരുമാനിച്ചത്. അവര്‍ക്ക് നമ്മളല്ലേ തുണ നില്‍ക്കേണ്ടത്? തിരുവനന്തപുരത്ത് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റിലെ ക്രിസ്മസ് ആഘോഷത്തിലേക്ക് ക്ഷണം കിട്ടിയപ്പോള്‍ അതുകൊണ്ടുതന്നെ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. ഇന്നലെ അവിടത്തെ ഡിഫറന്റ് ആര്‍ട്‌സ് സെന്ററില്‍ പരിശീലനം നേടുന്ന ഭിന്നശേഷികുട്ടികള്‍ക്കൊപ്പം ചെലവിട്ട നിമിഷങ്ങള്‍ ഈശ്വരസാന്നിധ്യത്തെ അനുഭവിപ്പിക്കുന്നതായി.
ദൈവത്തിന്റെ മാന്ത്രികതയാണ് മനുഷ്യജീവിതം. അവിടുന്ന് വടിചുഴറ്റി പലതുംസൃഷ്ടിക്കുന്നു, മായ്ക്കുന്നു, മറയ്ക്കുന്നു,വീണ്ടും പ്രത്യക്ഷമാക്കുന്നു. ആ ജാലവിദ്യക്കിടയില്‍ നമ്മള്‍ വെറും ഉപകരണങ്ങള്‍ മാത്രം. ഭിന്നശേഷിക്കാരായ കുട്ടികളില്‍ ദൈവത്തിന്റെ ഇന്ദ്രജാലമുണ്ട് എന്ന് വേണം വിശ്വസിക്കേണ്ടത്. നമുക്കില്ലാത്ത ഒരുപാട് ശേഷികള്‍ അവര്‍ക്കുണ്ട്. അവര്‍ നമ്മളേക്കാള്‍ മിടുക്കന്മാരാണ്. ആ കുട്ടികള്‍ ഒരിക്കലും ദൈവത്തിന് പറ്റിയ തെറ്റല്ല. മറിച്ച് ദൈവത്തിന്റെ സ്വന്തം മക്കളാണ്. പക്ഷേ പലപ്പോഴും ഭിന്നശേഷിയുള്ള കുട്ടികള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നു. ഇവിടെയാണ് മുതുകാടിന്റെ മാജിക് പ്ലാനറ്റ് വലിയൊരു വിസ്മയമായി മാറുന്നത്. ഭിന്നശേഷികുട്ടികള്‍ക്ക് വേണ്ടിയുളള അവിടത്തെ ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ തികച്ചും മാതൃകാപരമായ സംരംഭമാണ്. ഇന്നലെ അവിടത്തെ കുട്ടികളുടെ ഗാനാലാപനവും ചിത്രരചനയും നൃത്തവും വൃന്ദവാദ്യവും ആസ്വദിക്കുമ്പോള്‍ ഓര്‍ത്തുപോയത് ദൈവം എത്രമനോഹരമായാണ് അവരില്‍ അവിടുന്നിന്റെ മാന്ത്രികത നിറച്ചുവെച്ചിരിക്കുന്നത് എന്നാണ്. കേക്കും മിഠായികളും പ്രാര്‍ഥനയും മാത്രമേ എന്റെ കൈകളിലുണ്ടായിരുന്നുള്ളൂ. പക്ഷേ അവരെനിക്ക് തിരിച്ച് എക്കാലത്തേക്കും ഓര്‍ത്തിരിക്കാനായി മധുരതരമായ ഒരു സായാഹ്നം തന്നെ സമ്മാനിച്ചു. ഞങ്ങള്‍ ഒരുമിച്ച് കേക്കുമുറിച്ചു, പാട്ടുപാടി, സന്തോഷിച്ചു. ചിലരൊക്കെ എന്നെ കെട്ടിപ്പിടിച്ചു. വേറെ ചിലര്‍ കൈകളില്‍വിടാതെ പിടിച്ചു. അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ സ്പര്‍ശം അനുഭവിച്ചു.
ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ എന്ന ശ്രേഷ്ഠദൗത്യത്തിനും അതിനുവേണ്ടി സമര്‍പ്പിച്ച ജീവിതത്തിനും ഗോപിനാഥ് മുതുകാടിനോട് നന്ദി പറയുന്നു. മാജിക് പ്ലാനറ്റിനൊപ്പം ചേര്‍ന്ന് ഈ ക്രിസ്മസ് വിരുന്ന് മനോഹരമാക്കിയ സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴ,എം.ജി.എം.ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ജാബ്‌സണ്‍ വര്‍ഗീസ്,നിധിന്‍ ചിറത്തിലാട്ട് എന്നിവരെ അഭിനന്ദിക്കുന്നു.
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷത്തേക്ക് വന്നുചേര്‍ന്ന ആനന്ദത്തെയാണ് ക്രിസ്മസ് അനുസ്മരിക്കുന്നത്. ആ അര്‍ഥത്തില്‍ മാജിക് പ്ലാനറ്റ് സമ്മാനിച്ചത് പരമമായ ആനന്ദം തന്നെയാണ്.’

Back to top button
error: