CrimeNEWS

3 ഭാര്യമാര്‍, 4-ാo വിവാഹത്തിന് യുവാവിന് വിസമ്മതം; ഒടുവില്‍ കാമുകിയെ കൊലപ്പെടുത്തി പുഴയില്‍ തള്ളി

മൂന്ന് ഭാര്യയുള്ളയാള്‍ നാലാം വിവാഹത്തിന് കൂട്ടാക്കാതെ കാമുകിയെ കൊലപ്പെടുത്തി പുഴയില്‍ തള്ളി. കേസിലെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ചിനെ സഹായിച്ചത് മൃതദേഹത്തില്‍ കാണപ്പെട്ട ബ്രാന്‍ഡഡ് ചെരുപ്പ്. മുംബൈയിലെ കോപര്‍ഖൈരാനെ സ്വദേശി ഉര്‍വശി വൈഷ്ണവിനെ (27) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ കണ്ടെത്താന്‍ ചെരുപ്പ് തുമ്പായത്.

സംഭവത്തില്‍ അറസ്റ്റിലായ കാമുകനും ജിം ട്രെയിനറുമായ റിയാസ് ഖാനും (35) സഹായി ഇമ്രാന്‍ ശെയിഖും (26) പൊലീസ് കസ്റ്റഡിയിൽ. ഇരുവരും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയതെന്ന് പൊലീസ് പറഞ്ഞു.

Signature-ad

മഹാരാഷ്ട്രയിലെ ധമാനി ഗ്രാമത്തില്‍ മതേരന്‍ മലനിരകള്‍ക്ക് സമീപമായുള്ള ഗദി നദിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നാലെ ഡിസംബര്‍ 14ന് കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയെയും പ്രതികളെയും തിരിച്ചറിയാന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടി. മൃതദേഹത്തില്‍ കണ്ട ചെരുപ്പാണ് യുവതിയെ തിരിച്ചറിയാനും പ്രതിയിലേക്കെത്താനും പൊലീസിനെ സഹായിച്ചത്. കണ്ടെടുത്ത ചെരുപ്പുമായി നവി മുംബൈയിലെ എല്ലാ ചെരുപ്പ് കടകളിലും ഉദ്യോഗസ്ഥര്‍ ഒരാഴ്ചയോളം കയറിയിറങ്ങി, യുവതിയെക്കുറിച്ച് അന്വേഷിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു, എന്നാല്‍ ഒരു തുമ്പും ലഭിച്ചില്ല.

അന്വേഷണം തുടരുന്നതിനിടെയാണ് വശി എന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ യുവതിയെ തിരിച്ചറിഞ്ഞത്. ഇവരോടൊപ്പം നല്ല ശരീരഘടയുള്ള ഒരു പുരുഷനും ഉണ്ടായിരുന്നു. ഇത് ഒരു ബോഡി ബില്‍ഡര്‍ ആയേക്കാമെന്ന നിഗമനത്തിലെത്തിയ ഉദ്യോഗസ്ഥര്‍ സമീപ പ്രദേശങ്ങളിലെ ജിമ്മുകളില്‍ അന്വേഷണം തുടങ്ങി. ഇതേ തുടർന്നാണ് കോപര്‍ഖൈരാനെയിലെ ജിമ്മിൽ ട്രെയിനറായ റിയാസ് ഖാനെ പൊലീസ് പിടികൂടുന്നത്.

ഡിസംബര്‍ 17നാണ് മുംബൈയിലെ ഡിയോനറില്‍ നിന്ന് ഇയാള്‍ അറസ്റ്റിലാവുന്നത്. ഉര്‍വശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് റിയാസ് ഖാന്‍ പൊലീസിന് മൊഴി നല്‍കി. ഇരുവരും പ്രണയത്തിലായിരുന്നു. ഉടൻ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ഉര്‍വശി നിരന്തരം നിര്‍ബന്ധിക്കാൻ തുടങ്ങി. ഇതാണ് കൊല ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. മൂന്ന് ഭാര്യമാരുള്ളതിനാല്‍ ഉര്‍വശിയെക്കൂടി വിവാഹം കഴിക്കാന്‍ ഇയാള്‍ തയാറല്ലായിരുന്നു.

യുവതിയുടെ മൃതദേഹം നദിയില്‍ തള്ളാന്‍ റിയാസിനെ സഹായിച്ച ഇമ്രാന്‍ ശെയിഖും കുറ്റം സമ്മതിച്ചു. ഗോവന്ദി സ്വദേശിയായ ഇയാള്‍ കൊറിയര്‍ സ്ഥാപനത്തിലെ വിതരണക്കാരനാണ്.

Back to top button
error: