തൊടുപുഴ: ഹൃദ്രോഗിയെ ഡിവൈഎസ്പി പി മധു മർദിച്ചെന്ന പരാതിയിൽ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി വി യു കുരിയാക്കോസ്. ഡി സി ആർ ബി ഡിവൈഎസ്പി ജിൽസൺ മാത്യുവിനാണ് അന്വേഷണ ചുമതല. അന്വേഷണം പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ വച്ചായിരുന്നു മുരളീധരന് മർദ്ദനമേറ്റത്. തൊടുപുഴ ഡിവൈഎസ്പി ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടിയെന്നും മുഖത്തടിച്ചെന്നും തനിക്ക് നേരെ പൊലീസിൻറെ വയർലൈൻസ് സെറ്റ് എടുത്തെറിഞ്ഞെന്നും പരാതിപ്പെട്ട് മലങ്കര സ്വദേശി മുരളീധരനാണ് ഇന്നലെ പരാതിയുമായി രംഗത്തെത്തിയത്.
ഹൃദ്യോഗിയായ മുരളീധരനെ മർദ്ദിക്കുന്നത് കണ്ടെന്ന് പരാതിക്കാരൻറെ കൂടെയുണ്ടായിരുന്നയാളും ആരോപിച്ചു. വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റിട്ടെന്ന മുരളീധരനെതിരെയുള്ള കേസിൽ ചോദ്യം ചെയ്യാനാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എസ്എൻഡിപി തൊടുപുഴ യൂണിയനാണ് മുരളീധരനെതിരെ പരാതി നൽകിയത്. എന്നാൽ മുരളീധരനെ മർദ്ദിച്ചിട്ടില്ലെന്ന് തൊടുപുഴ ഡിവൈഎസ്പി പി മധു ബാബു പറയുന്നു. ഇന്നലെ വൈകീട്ടോടെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെത്തി മുരളീധരൻറെ മൊഴി എടുത്തിരുന്നു. എസ് പി, കേരളാ മുഖ്യമന്ത്രി, നിയമ മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി കൊടുക്കാൻ തയ്യാറെടുക്കുകയാണെന്നും ഇക്കാര്യത്തിൽ അന്വേഷണ സംഘം അന്വേഷണം നടത്തുകയാണെങ്കിൽ അതിൽ സന്തോഷമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
ഇന്നലെത്തെ മർദ്ദനത്തെ തുടർന്ന് നെഞ്ച് വേദനയും ചെവിക്ക് കേൾവിക്കുറവും അനുഭവപ്പെടുന്നുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സ്റ്റേഷനിലെത്തിയ മുരളീധരൻ കസേരയെടുത്ത് ബഹളം വച്ചപ്പോൾ പുറത്തിറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതേയുള്ളൂവെന്നാണ് ഡിവൈഎസ്പി പി മധു പറയുന്നത്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തയുണ്ടാകും. തുടർന്ന് ഇത് സംബന്ധിച്ച് പ്രത്യേക റിപ്പോർട്ട് സമർപ്പിക്കും. അതിന് ശേഷമാകും ഡിവൈഎസ്പിക്കെതിരെ എന്തെങ്കിലും തരത്തിൽ നടപടി സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക.