CrimeNEWS

അ‌മിതവേഗത്തിൽ പാഞ്ഞ കാർ വാ​ഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു, നാട്ടുകാർ പിന്തുടർന്നു തടഞ്ഞപ്പോൾ കണ്ടത് തോക്കും വാളും

കൊല്ലം: അ‌മിതവേഗത്തിൽ പാഞ്ഞ കാർ വാ​ഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു, നാട്ടുകാർ പിന്തുടർന്നു തടഞ്ഞപ്പോൾ കാറിൽ കണ്ടത് തോക്കും വാളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ. കൊല്ലം അഞ്ചലിലാണ് സംഭവമുണ്ടായത്. നൂറനാട് സ്വദേശികളായ ജിഷ്ണു ഭാസുരൻ, അജികുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ കരുകോണിൽ നിന്നാണ് പ്രതികളെ അഞ്ചൽ പൊലീസ് പിടികൂടിയത്. അമിതവേഗതയിൽ എത്തിയ കാർ നിരവധി വാഹനങ്ങളെ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് വാഹനത്തെ പിന്തുടർന്ന് എത്തിയ നാട്ടുകാർ ഇവരെ തടഞ്ഞു നിർത്തി. വാക്കേറ്റവും കയ്യങ്കളിയുമായതോടെ പ്രദേശവാസികൾ പൊലീസിനെ അറിയിച്ചു.
പോലീസ് എത്തി ജിഷ്ണുവിനെയും അജികുമാറിനെയും കസ്റ്റഡിയിലെടുക്കുകയും വാഹനം പരിശോധിക്കുകയും ചെയ്തു. അതിനിടെയാണ് തോക്ക്, വാൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി. തുടർന്ന് ആയുധ നിരോധന നിയമം ചുമത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിടിയിലായവർ ചണ്ണപ്പെട്ടയിലുള്ള ഒരു സ്ത്രീയെ അന്വേഷിച്ച് എത്തിയതാണെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. യുവതിയുടെ വീട്ടിലെത്തിയ ശേഷം മടങ്ങിപോകവെയാണ് ഇവർ പിടിയിലാകുന്നത്. പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.

Back to top button
error: