കൊല്ലം: അഞ്ചലില്‍ നടുറോഡില്‍ യുവാവിന് നേരെ ബ്ലേഡ് മാഫിയയുടെ ക്രൂരമായ ആക്രമണം. ഏരൂര്‍ സ്വദേശിയായ വിഷ്ണു(28)വെന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഏരൂര്‍ സ്വദേശി സൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചത്. കല്ലുകൊണ്ട് വിഷ്ണുവിന്റെ തലക്കും ശരീരത്തിലും അടിച്ചു പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാര്‍ സൈജുവിനെ പിടികൂടി. പിന്നീട് പോലീസിന് കൈമാറി.
അഞ്ചലില്‍ തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വിഷ്ണു. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. സൈജു പണം സ്ഥിരമായി പലിശയ്ക്ക് കൊടുക്കുന്നയാളാണ്. വിഷ്ണു സൈജുവിന്റെ പക്കല്‍ നിന്നും പണം പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇതിന്റെ പലിശ മുടങ്ങിയതിനെ ചൊല്ലി ഇരുവരും തമ്മില്‍ നേരത്തേ തന്നെ തര്‍ക്കമുണ്ടായിരുന്നു.
ഇന്നലെ അഞ്ചല്‍ പനച്ചിവിളയിലാണ് രാത്രി ആളുകള്‍ നോക്കിനില്‍ക്കെ ക്രൂരമായ അക്രമം അരങ്ങേറിയത്. ഇവര്‍ തമ്മില്‍ പണത്തെ ചൊല്ലി റോഡില്‍ തര്‍ക്കമുണ്ടായി. പിന്നാലെ വിഷ്ണു ബൈക്കില്‍ കയറി ഇവിടെ നിന്ന് പോകാന്‍ ശ്രമിച്ചപ്പോഴാണ് സൈജുവും സംഘവും ചേര്‍ന്ന് മര്‍ദ്ദിച്ചത്. വിഷ്ണുവിനെ ആക്രമിച്ച ശേഷം ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സൈജുവിനെയും സംഘത്തെയും നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.