ലക്ഷ്യം ചെന്നിത്തലയെ അഴിക്കുള്ളിലാക്കൽ ,ബാർ കോഴയിൽ സർക്കാർ പദ്ധതിയിങ്ങനെ
സ്വർണക്കടത്ത് കേസിലും ലഹരിമരുന്ന് കേസിലുമൊക്കെ തിരിച്ചടി നേരിട്ട സിപിഐഎം പ്രതിപക്ഷത്തെ കുരുക്കാൻ തന്ത്രം മെനയുന്നു .ഇതിനായി വീണുകിട്ടിയ അവസരമാണ് ബാർ കോഴയുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ പുതിയ ആരോപണങ്ങൾ .ചെന്നിത്തലയ്ക്ക് ഒരു കോടിയും കെ ബാബുവിന് 50 ലക്ഷവും വി എസ് ശിവകുമാറിന് 25 ലക്ഷവും ബാറുകാർ പിരിവെടുത്ത് നൽകി എന്നാണ് ബിജു രമേശിന്റെ ആരോപണം .
പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിന് കത്ത് നൽകിയിരുന്നു .ഇതിന്റെ പശ്ചാത്തലത്തിൽ അനുവാദത്തിനായി ഫയൽ ഗവർണർക്ക് കൈമാറി .ഗവർണറുടെ അനുമതി ലഭിച്ചാലുടൻ വിജിലൻസ് ഊർജിതമായി അന്വേഷിക്കും .കേസിൽ ബന്ധപ്പെടുത്തുന്ന തെളിവ് കിട്ടിയാൽ രമേശ് ചെന്നിത്തലയെ അടക്കം അറസ്റ്റ് ചെയ്യും .
മുഖ്യമന്ത്രിയാകാനുള്ള ചെന്നിത്തലയുടെ യാത്രയ്ക്ക് വലിയ പ്രതിബന്ധമാവും ബാർ കോഴ കേസിലെ ബിജു രമേശിന്റെ വെളിപ്പെടുത്തൽ .കെ പി സി സി ഓഫീസിൽ പോയാണ് ഒരു കോടി രൂപ നൽകിയതെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ .അങ്ങിനെയെങ്കിൽ തെളിവെടുപ്പിനായി വിജിലൻസിന് കോൺഗ്രസ് ആസ്ഥാനത്തും പോകേണ്ടി വരും .രമേശ് കുടുങ്ങുമ്പോൾ എ വിഭാഗം നടത്തുന്ന നീക്കങ്ങൾ തങ്ങൾക്ക് സഹായകരമാകുമെന്ന് സിപിഐഎം കണക്ക് കൂട്ടുന്നു .
സന്തോഷ് എന്ന ഓഫീസ് സെക്രട്ടറിയും ജനറൽ മാനേജർ രാധാകൃഷ്ണനും കൂടിയാണ് ഒരു കോടി രൂപ കെ പി സി സി ഓഫീസിൽ കൊണ്ടുപോയി കൊടുത്തത് എന്നാണ് ബിജു രമേശിന്റെ ആരോപണം .ആ സമയത്ത് ചെന്നിത്തല ഓഫീസിൽ ഉണ്ടായിരുന്നു .അകത്തെ മുറിയിൽ ബാഗ് വെക്കാൻ രമേശ് ചെന്നിത്തല പറഞ്ഞു എന്നും ആരോപണമുണ്ട് .
മാണിക്കെതിരായ ബാർ കോഴ ആരോപണത്തിൽ നിന്ന് പിന്മാറാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ബിജു രമേശ് പറഞ്ഞിരുന്നു .എന്നാൽ ഇത് പുതിയ ആരോപണമല്ല .2015 ൽ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ബിജു രമേശ് ഇക്കാര്യം പറഞ്ഞിരുന്നു .ഈ പശ്ചാത്തലത്തിൽ അക്കാര്യത്തിൽ അന്വേഷണം ഉണ്ടാകില്ല .കെ എം മാണി മരിച്ചു പോയതിനാൽ ആ വഴിക്കും അന്വേഷണം നീങ്ങില്ല .അപ്പോൾ ബാർ കോഴ അന്വേഷണം കോൺഗ്രസിനെ മാത്രം ചുറ്റിപ്പറ്റിയായിരിക്കും .