KeralaNEWS

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് ലഹരിയൊഴുക്കാൻ മയക്കുമരുന്ന് മാഫിയ, റെയ്ഡ് കർശനമാക്കി പോലീസ്; കൊച്ചിയിൽ യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

കൊച്ചി: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ മുന്നിൽകണ്ട് മയക്കുമരുന്ന് മാഫിയ വൻതോതിൽ ലഹരി മരുന്ന് സംഭരിക്കുന്നതായുള്ള വിവരത്തെ തുടർന്ന് പോലീസ് പരിശോധന കർശനമാക്കി. കൊച്ചിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റിലായി. പുതുവത്സര ആഘോഷത്തിന് വില്‍ക്കാന്‍ എത്തിച്ച എംഡിഎംഎയാണ് കൊച്ചി പൊലീസ് ഇവരില്‍ നിന്ന് പിടികൂടിയത്.

ഇടുക്കി സ്വദേശികളായ അഭിരാം, അഭിന്‍, അനുലക്ഷ്മി(18) എന്നിവരാണ് പിടിയിലായത്. ദേശാഭിമാനി റോഡില്‍ യുവതി താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് അധികൃതര്‍ 120 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. പൊലീസ് എത്തുമ്പോള്‍ ലഹരിവസ്തു തൂക്കി പാക്ക് ചെയ്യുന്ന തിരക്കില്‍ ആയിരുന്നു മൂവരും. അഭിരാമാണ് സംഘത്തിന്റെ നേതാവെന്ന് പൊലീസ് അറിയിച്ചു.സംഘത്തിലെ യുവതി സിവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയാണ്.

Signature-ad

കഴിഞ്ഞ മൂന്ന് മാസമായാണ് വീട് കേന്ദ്രീകരിച്ച് വില്‍പ്പന തുടങ്ങിയത്. കുറേ ദിവസത്തെ നിരീക്ഷണത്തിന് ശേഷമായിരുന്നു പൊലീസിന്റെ നടപടി. എവിടെ നിന്നാണ് ലഹരി വസ്തു കൊണ്ടുവന്നത് എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നത് ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ ഊര്‍ജിതമായി അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

എം.ഡി.എം.എ. ഉള്‍പ്പെടെ മാരക സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്ന നൈജീരിയന്‍ സ്വദേശി തൃശൂർ സിറ്റി പോലീസ് ലഹരിവിരുദ്ധ വിഭാഗം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മയക്കുമരുന്ന് ചില്ലറ വില്‍പ്പനക്കാര്‍ക്കിടയില്‍ കെന്‍ എന്നു വിളിപ്പേരുള്ള നൈജീരിയന്‍ പൗരന്‍ എബൂക്ക വിക്ടര്‍ അനയോ (27) എന്നയാളെയാണ് അതിസാഹസികമായി ന്യൂഡല്‍ഹി നൈജീരിയന്‍ കോളനിയില്‍ നിന്നും തൃശൂര്‍ സിറ്റി പോലീസ് പിടികൂടിയത്. കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്കിടയിലാണ് ഇയാള്‍ ശൃംഖലയുണ്ടാക്കിയത്.

Back to top button
error: