ആലപ്പുഴ: എൻസിപി നേതാവ് ആർ ബി ജിഷയെ കുട്ടനാട് എംഎൽഎ തോമസ് കെ തോമസും ഭാര്യ ഷേർളി തോമസും ജാതീയമായി അധിക്ഷേപിച്ചെന്ന കേസ് കായംകുളം ഡിവൈഎസ്പിക്ക് കൈമാറി. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന ചട്ടപ്രകാരമാണിത്.
കേസിൽ പരാതിക്കാരിയുടെ വിശദമായി മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. ഇതിന് ശേഷം സംഭവം നടന്ന ഹരിപ്പാട്ടെ എൻസിപി യോഗത്തിൽ പങ്കെടുത്തവരുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്തും. അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്ന വീഡിയോയുടെ പൂർണരൂപം ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വിശദമായ സാക്ഷികളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ച ശേഷമായിരിക്കും എംഎൽഎയേയും ഭാര്യയേയും ചോദ്യം ചെയ്യുക.
നാഷനലിസ്റ്റ് മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആർ ബി ജിഷയുടെ പരാതിയിൽ ഹരിപ്പാട് പൊലീസാണ് കേസെടുത്തത്. ഈ മാസം 9ന് ഹരിപ്പാട്ട് നടന്ന എൻസിപി ഫണ്ട് സമാഹരണ യോഗത്തിനിടെയായിരുന്നു സംഭവം. ഹരിപ്പാട് മണ്ഡലത്തിൽ പെടാത്തവർ പുറത്ത് പോകണമെന്ന് ജിഷ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. ഇതിനിടെ കാക്കയെ പോലെ കറുത്താനിരിക്കുന്നത് തുടങ്ങിയ അധിക്ഷേപങ്ങൾ ഉണ്ടായെന്നാണ് പരാതി. തോമസ് കെ തോമസ് എംഎൽഎ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമാണ്.