കണ്ണൂര്‍: കടുവാ ഭീതിയില്‍ വിറങ്ങലിച്ചു നില്ക്കുന്ന കണ്ണൂര്‍ ജില്ലയിലെ മലയോരത്തെ വിറപ്പിക്കാന്‍ കാട്ടാനയുമെത്തി. ഇരിട്ടിക്കടുത്തെ അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തിലെ പാലത്തുംകടവില്‍ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു. കൊച്ചുവേലിക്കകത്ത് ബാബുവിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. കാട്ടാന വ്യാപകമായി കൃഷിനാശവും വരുത്തി.
തിങ്കളാഴ്ച രാത്രിയോടെയാണ് കാട്ടാന ബാബുവിന്റെ ഓട്ടോറിക്ഷ തകര്‍ത്തത്. പാലത്തുംകടവ് കരിമല റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കാട്ടാന കുത്തിമറിച്ചിട്ട് തകര്‍ക്കുകയായിരുന്നു. ബാബുവിന്റെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു തകര്‍ക്കപ്പെട്ട ഓട്ടോറിക്ഷ.
മേഖലയില്‍ വ്യാപകമായി വാഴ, തെങ്ങ്, കുരുമുളക് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളും നശിപ്പിച്ചു. വീടുകളിലേക്ക് കുടിവെള്ളം എത്തിക്കാനായി സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ക്കും കാട്ടാന നാശം വരുത്തി.
ജയ്സണ്‍ പുരയിടം, സജി കല്ലുമ്മേപുറത്ത്, ജോളി വാവച്ചന്, കൊരക്കാല ബിജു എന്നിവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. വനാതിര്‍ത്തിയിലെ സോളാര്‍ ഫെന്‍സിങ് പൂര്‍ത്തിയാക്കാത്തതും, പൂര്‍ത്തിയായവ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമാണ് കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ജനപ്രതിനിധികളും ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ കെ. ജിജില്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇതിനിടെ ഉളിക്കല്‍ മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ആറളം ഫാമിലേക്ക് കയറിയ കടുവയെ കണ്ടെത്താന്‍ കഴിയാത്തത് വനംവകുപ്പിന് തീരാ തലവേദനയായിട്ടുണ്ട്.
കഴിഞ്ഞ മൂന്നുദിവസമായി ആറളം ഫാമില്‍ തമ്പടിച്ച കടുവകാരണം ഫാം പുനരധിവാസ കോളനിക്കാരും തൊഴിലാളികളും ഭീതിയിലാണ്. ഫാമിലെ അഞ്ചാം ബ്ലോക്കിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇങ്ങോട്ടു തൊഴിലാളികളോ മറ്റുള്ളവരോ കയറരുതെന്ന് വനംവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. നാല്പതു തൊഴിലാളികളാണ് ഈ ബ്ലോക്കില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ജോലിക്കു വരുന്നുള്ളൂ.