ഹൂസ്റ്റണ്‍: മലയാളി ഡോക്ടര്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ വാഹനാപകടത്തില്‍ മരിച്ചു. രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്കല്‍ (52) ആണ് മരിച്ചത്. കുന്നത്ത് കെ.വി പൗലോസിന്റെയും പരേതയായ ഏലിയാമ്മയുടെയും മകളാണ്. ഏറെക്കാലമായി കുടുംബത്തോടൊപ്പം ഹൂസ്റ്റണിലാണ് മിനി കഴിയുന്നത്.
ഡോ. മിനി ഓടിച്ചിരുന്ന കാറില്‍ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ സ്കോട്ട് സ്ട്രീറ്റിലാണ് സംഭവം. സ്ഥലത്ത് വെച്ച് തന്നെ ഡോ. മിനി മരിച്ചു. ബൈക്കോടിച്ചിരുന്ന യുവാവിനും അപകടത്തില്‍ ജീവന് നഷ്ടമായി. 25 വയസുകാരനായ ബൈക്ക് യാത്രികന് ആശുപത്രിയിലാണ് മരിച്ചത്.
ഫിസിഷ്യന്‍ എന്നതിന് പുറമെ നര്‍ത്തകി, മോഡല്‍, വ്ലോഗര്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മിനി വെട്ടിക്കല്‍. മൃതദേഹം ഞായര്‍ 2 മുതല്‍ 5 വരെ ജസെക് ചാപ്പലിലും ബറിങ് ഡ്രൈവ് ജിയോ ലൂയിസ് ആന്‍ഡ് സണ്‍സ് ഗ്രാന്‍ഡ് ഫൊയറിലുമായി പൊതുദര്‍ശനത്തിന് വയ്ക്കും.
ഈരാറ്റുപേട്ട അരുവിത്തുറ വെട്ടിക്കല്‍ കുടുംബാംഗം സെലസ്റ്റിന്‍ (ഐടി എന്‍ജിനീയര്‍) ആണ് ഭര്‍ത്താവ്. മക്കള്‍: പൂജ, ഇഷ, ദിയ, ഡിലന്, ഏയ്ഡന്‍. സംസ്കാരം തിങ്കളാഴ്ച ഒരു മണിയ്ക്ക് ഹൂസ്റ്റണിലെ സെയ്ന്റ് ആന്‍ കത്തോലിക്ക പള്ളി സെമിത്തേരിയില്‍.