CrimeNEWS

വീട്ടിലെ കട്ടിലിനടിയില്‍ കയറി ഒളിച്ചിരുന്നു, രാത്രിയായപ്പോള്‍ ഒരു ലക്ഷം രൂപയും സ്വര്‍ണവുമായി മുങ്ങി; അയല്‍ വീട്ടിലെ സി.സി.ടി.വിയിൽ കുടുങ്ങിയ യുവതിയെ പൊലീസ് പൊക്കി

ഹരിപ്പാട്:  തനിച്ച് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടില്‍ നിന്നു ഒരു ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മോഷണം നടത്തിയ കേസില്‍ യുവതി അറസ്റ്റില്‍. വീയപുരം സ്വദേശി മായാകുമാരിയെ (35) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളില്‍ ലക്ഷ്മിക്കുട്ടിയുടെ(73) വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൻ്റെ പേരിലാണ് അറസ്റ്റ്.

സ്വന്തം വീട്ടിൽ തനിച്ചായതിനാല്‍ അടുത്തുള്ള ബന്ധു വീട്ടിലാണ് ലക്ഷ്മിക്കുട്ടി രാത്രി ഉറങ്ങാന്‍ പോകുന്നത്. രാവിലെ തിരികെ വീട്ടിലെത്തിയപ്പോള്‍ അടുക്കള വാതില്‍ തുറന്നു കിടക്കുന്നത് കണ്ടു. സംശയം തോന്നി അലമാരകള്‍ തുറന്നു പരിശോധിച്ചപ്പോഴാണ് പണവും ആഭരണവും മോഷണം പോയെന്ന് അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Signature-ad

മോഷണം നടന്ന ദിവസം വൈകിട്ട് സമീപത്തെ ക്ഷേത്രത്തിലേക്ക് മാലകെട്ടിക്കൊണ്ടിരുന്നപ്പോള്‍ സ്‌കൂട്ടറില്‍ എത്തിയ മായാകുമാരി ലക്ഷ്മിക്കുട്ടിയോട് വീട്ടിലെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. രാത്രിയില്‍ ബന്ധുവീട്ടിലാണ് ഉറങ്ങുന്നതെന്നു മനസ്സിലാക്കിയ മായാകുമാരി ലക്ഷ്മിക്കുട്ടി അറിയാതെ കട്ടിലിനടിയില്‍ കയറി ഒളിച്ചിരിക്കുകയും രാത്രിയില്‍ വീട്ടമ്മ അടുത്ത വീട്ടില്‍ ഉറങ്ങാന്‍ പോയ സമയത്ത് മോഷണം നടത്തുകയുമായിരുന്നു.

സമീപമുള്ള വീട്ടിലെ സി.സി.ടി.വിയില്‍ മോഷണം നടന്ന ദിവസം പുലര്‍ച്ചെ നാലു മണിയോടെ ഒരു സ്ത്രീ പ്ലാസ്റ്റിക് കവറുമായി സ്‌കൂട്ടറില്‍ കയറി പോകുന്ന ദൃശ്യം ലഭിച്ചിരുന്നു. പൊലീസ് സി.സി.ടി.വി ദൃശ്യം ലക്ഷ്മിക്കുട്ടിയെ കാണിച്ചപ്പോള്‍ വീട്ടില്‍ എത്തിയ സ്ത്രീ തന്നെയാണ് സ്‌കൂട്ടറില്‍ കയറി പോയതെന്നു തിരിച്ചറിഞ്ഞു.

തുടര്‍ന്നു സ്‌കൂട്ടർ രെജിസ്‌ട്രേഷന്‍ നമ്പര്‍ വച്ചുള്ള പരിശോധനയില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ വിരലടയാളവും ലഭിച്ചിരുന്നു. മോഷണം നടന്ന വീട്ടിലെത്തിച്ച മായാ കുമാരിയെ ലക്ഷ്മിക്കുട്ടി തിരിച്ചറിഞ്ഞു. മായാദേവി സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നു തുടർന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: