മനാമ: ബഹ്റൈനിൽ നിലവിൽ പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള എല്ലാ ഫ്ലക്സി വർക്ക് പെർമിറ്റുകളും അടുത്ത വർഷം ഫെബ്രുവരിയോടെ റദ്ദാക്കും. ഒന്നിലധികം തൊഴിലുടമകൾക്ക് കീഴിൽ ഫ്രീലാൻസ് ജോലികൾ ചെയ്യാൻ പ്രവാസികളെ അനുവദിച്ചിരുന്നതാണ് ഫ്ലെക്സി തൊഴിൽ പെർമിറ്റുകൾ. ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് ഇത് സംബന്ധിച്ച മന്ത്രിതല നിർദേശം നൽകിയത്. ഇക്കാര്യം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
നവംബർ 17 മുതൽ മൂന്ന് മാസത്തെ കാലാവധി നൽകി എല്ലാ ഫ്ലെക്സി തൊഴിൽ പെർമിറ്റുകളും റദ്ദാക്കുകയാണെന്നാണ് അറിയിപ്പിൽ പറയുന്നത്. നിലവിൽ ഫ്ലെക്സി പെർമിറ്റുകൾ കൈവശമുള്ള എല്ലാവർക്കും സമയപരിധി അവസാനിക്കുന്നതിന് മുമ്പ് വൊക്കേഷണൽ വർക്ക് പെർമിറ്റുകൾക്കായി അപേക്ഷ നൽകാനാവുമെന്നും ആഭ്യന്തര മന്ത്രി പറയുന്നു. രാജ്യത്തെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സർവീസ് സെന്ററുകളിൽ നിന്ന് പുതിയ വർക്ക് പെർമിറ്റുകൾ ലഭ്യമാവും.
അതേസമയം ലൈസൻസുള്ള പ്രവസികൾക്കായി പുതിയ വൊക്കേഷണൽ കാർഡ് നൽകാനുള്ള തീരുമാനത്തിന് തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ബോർഡ് ചെയർമാനുമായ ജമീൽ ഹുമൈദാൻ അംഗീകാരം നൽകി. ഓരോരുത്തരും പ്രതിമാസം അഞ്ച് ബഹ്റൈനി ദിനാർ വീതമായിരിക്കും ഇതിന് നൽകേണ്ടത്. രണ്ട് വർഷം കാലാവധിയുള്ള വൊക്കേഷണൽ പെർമിറ്റുകൾ അനുവദിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധ സേനാ ഉപസൈന്യാധിപനുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിട്ടു. ലൈസൻസിങ്, രാജ്യത്തേക്കുള്ള എൻട്രി, റെസിഡൻസി പെർമിറ്റ്, എക്സിറ്റ് പെർമിഷൻ, സ്മാർട്ട് കാർഡ് എന്നിവ അടങ്ങിയതായിരിക്കും പെർമിറ്റ്.
പ്രവാസികൾക്കുള്ള പുതിയ തൊഴിൽ പെർമിറ്റുകൾ ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് പ്രഖ്യാപിച്ചത്. നിയമ ലംഘനങ്ങളില്ലാത്ത എല്ലാ പ്രവാസികൾക്കും വർക്കർ രജിസ്ട്രേഷൻ സെന്ററുകളിലെത്തി ഇതിനായി അപേക്ഷ നൽകാം. പുതിയ കാർഡിൽ പ്രവാസികളുടെ തൊഴിൽ മേഖലകളും മറ്റ് വ്യക്തിഗത വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. നേരത്തെ തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടിയിട്ടുള്ളവർക്കും സന്ദർശക വിസകളിലുള്ളവർക്കും പുതിയ കാർഡിന് അർഹതയുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ.