കോഴിക്കോട്: നരിക്കുനിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍നിന്ന് തെറിച്ചുവീണ യാത്രക്കാരി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയില്‍ വാടകയ്ക്കു താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്.
ഇന്നു രാവിലെ 7 മണിയോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം. ബസ്സിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതിനിടെ, ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. ചാലക്കുടി മേലൂര്‍ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്. നോര്‍ത്ത് ചാലക്കുടിയില്‍ ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അപകടം. തലവേദനയെ തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിയതാണ് രേഖ. തിരിച്ച് സഹോദരന് രഞ്ജിത്തിനോടടൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.