അഹമ്മദാബാദ്: ബി.ജെ.പി വിട്ട ഗുജറാത്ത് മുന്‍ മന്ത്രി ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഈ മാസം ആദ്യമാണ് അദ്ദേഹം ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയില്‍ നിന്നാണ് വ്യാസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
30 വര്‍ഷത്തിലധികം ബി.ജെ.പിയുടെ ഭാഗമായിരുന്നു വ്യാസ്, നരേന്ദ്ര മോദിയും കേശുഭായ് പട്ടേലും മുഖ്യമന്ത്രിമാരായിരുന്ന മന്ത്രിസഭയില്‍ അംഗമായിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കി നില്‍ക്കെയാണ് ഈ കൂടുമാറ്റം. മകന് സമീര്‍ വ്യാസും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.
ഭരണനിര്‍വഹണം, സാമ്പത്തിക, ധനകാര്യ രംഗങ്ങളില്‍ വിദഗ്ധനായ വ്യാസ്, സര്‍ദാര്‍ സരോവര്‍ നര്‍മദ നിഗം ലിമിറ്റഡിന്റെ ചെയര്‍മാനുമായിരുന്നു. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പല ബി.ജെ.പി നേതാക്കളും പാര്‍ട്ടി വിട്ടു മറുകണ്ടം ചാടുകയോ സ്വതന്ത്രരായി പത്രിക നല്‍കുകയോ ചെയ്തിട്ടുണ്ട്. ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളിലായിട്ടാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍.