NEWSWorld

കോവിഡ് നിയന്ത്രണത്തില്‍ വലഞ്ഞ് ജനം; കമ്യൂണിസ്റ്റ് ഭരണത്തിനെതിരേ പ്രതിഷേധം

ബീജിങ്: കോവിഡ് പിടിമുറുക്കിയതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ചൈനയില്‍ സര്‍ക്കാരിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ഷാങ്ഹായിയില്‍ സര്‍ക്കാരിന്റെ കോവിഡ് നയങ്ങള്‍ക്ക് എതിരെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവന്നു.

അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച ഷാങ്ഹായി നഗരത്തിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ 10പേര്‍ മരിക്കുകയും 9പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധം ഉയര്‍ന്നത്.

Signature-ad

”കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കു, ഷി ജിന്‍പിങിനെ പുറത്താക്കു” തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ തെരുവില്‍ നിറഞ്ഞതെന്ന് ഡിഡബ്ല്യു ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ വില്ല്യം യാങ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം കുറിച്ചു.

പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകാന്‍ സാധ്യമല്ലെന്നും തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നും ജനക്കൂട്ടം മുദ്രാവാക്യം വിളിച്ചതായി യാങ് പറഞ്ഞു. ലോക്ക്ഡൗണ്‍ എത്രയും വേഗം പിന്‍വലിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം. ചില സ്ഥലങ്ങളില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നും യാങ് ട്വീറ്റ് ചെയ്തു.

കോവിഡ് വ്യാപനം വീണ്ടും സംഭവിച്ചതിന് പിന്നാലെ, കര്‍ശന നിയന്ത്രണങ്ങളാണ് ചൈനയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍, യാത്രാ വിലക്ക്, കൂട്ടമായ കോവിഡ് പരിശോധന എന്നിവ തുടരുന്നുണ്ട്.

 

Back to top button
error: