കൊച്ചി: മോഡല്‍ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുറത്തുവരുന്നത് നഗരത്തിലെ പെണ്‍വാണിഭത്തിന്‍െ്‌റ കാണാപ്പുറങ്ങള്‍. ലഹരി, ഡി ജെ പാര്‍ട്ടികളുടെയും ഫാഷന്‍ ഷോകളുടെയും മറവിലാണ് കൊച്ചിയില്‍ പെണ്‍വാണിഭം തഴച്ചുവളരുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. മോഡലുകള്‍ എന്ന വ്യാജേനയാണ് വാണിഭ സംഘങ്ങള്‍ പെണ്‍കുട്ടികളെ എത്തിക്കുന്നത്. അറസ്റ്റിലായവരും ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നാണ് കരുതുന്നത്. പിടിയിലായവരുടെ മൊബൈല്‍ഫോണുകളില്‍ നിന്ന് ഇതുസംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.
അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് പെണ്‍വാണിഭ സംഘങ്ങള്‍ പ്രധാനമായി പെണ്‍കുട്ടികളെ എത്തിക്കുന്നത്. കൂടുതല്‍ യുവതികളെയും ചതിയില്‍പ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. മോഡലിംഗില്‍ വന്‍ അവസരങ്ങളാണ് പെണ്‍കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ ആകൃഷ്ടരായി എത്തുന്നവരെ ഭീഷണിപ്പെടുത്തിയും മറ്റും ലഹരി, ഡി.ജെ പാര്‍ട്ടികള്‍ക്കെത്തിച്ച് ആവശ്യക്കാര്‍ക്ക് കൈമാറുന്നതാണ് രീതി. കൂട്ട ബലാത്സംഗ കേസില്‍ അറസ്റ്റിലായ യുവാക്കള്‍ കേസിലെ ഒരു പ്രതി ഡോളി എന്നറിയപ്പെടുന്ന ഡിമ്പിള്‍ ലാംബയെ ഫോണില്‍ വിളിച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നും ഇതിനായി യുവതികളെ ലഭിക്കുമോ എന്നും ചോദിച്ചതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് സംഭവം ആസൂത്രിതമാണെന്ന് വ്യക്തമായത്.
ഡിമ്പിള്‍ കൊച്ചിയിലെ വിവിധ ഇടങ്ങളില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ഫാഷന്‍ഷോകളിലും ഡിമ്പിള്‍ പങ്കെടുത്തിരുന്നു. ചില ഫാഷന്‍ഷോകളില്‍ ഡിമ്പിളിന്റെ ചിത്രം നല്‍കിയാണ് പരസ്യം ചെയ്തിരുന്നത്. ആളെ കൂട്ടാനാിയരുന്നു ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. കൂട്ടബലാത്സംഗ കേസിലെ പ്രതികളായ കൊടുങ്ങല്ലൂര്‍ സ്വദേശി വിവേക്(26), നിധിന്‍(25), സുധീപ്(27) എന്നിവരെ ഡിമ്പിളിന് നേരത്തേ തന്നെ പരിചയമുണ്ടായിരുന്നു. വിവേകും ഡിമ്പിളും ഒരുമിച്ച് യാത്രകള്‍ നടത്തിയതിന്റെ തെളിവുകളും ലഭിച്ചു.പാര്‍ട്ടിയിലേക്ക് തന്നെ നിര്‍ബന്ധിച്ച് കൊണ്ടുപോയത് ഡിമ്പിളാണെന്നും പാര്‍ട്ടിക്കിടെ ബിയറില്‍ എന്തോ പൊടി കലര്‍ത്തി നല്‍കിയെന്നും മോഡല്‍ മൊഴി നല്‍കിയിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ. നാലു പ്രതികളെയും അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.