കൊച്ചി: ഓൺലൈനായി കേരള ലോട്ടറി വാങ്ങാൻ ആളുകളെ ആകർഷിച്ച് പണം തട്ടുന്ന വ്യാജ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ കണ്ടെത്തി. കേരള ലോട്ടറി ഓൺലൈൻ, ഇന്ത്യ കേരള ലോട്ടറി എന്നീ രണ്ട് വ്യാജ ആപ്പുകൾ വഴിയാണ് ഓൺലൈൻ തട്ടിപ്പ്. സംസ്ഥാന ലോട്ടറി ഡയറക്ടറിന്റേതെന്ന വ്യാജേനയാണ് ഈ ആപ്പുകൾ പ്ലേസ്റ്റോറിൽ ലഭ്യമാക്കിയിരുന്നത്. രണ്ട് ആപ്പുകളിലായി ഏകദേശം പത്ത് ലക്ഷത്തോളം ഡൗൺലോഡുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെയും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെയും ലോഗോകളും കേരള സംസ്ഥാന മുദ്രയും ഉപയോഗിച്ചാണ് ആപ്പുകൾ ഉണ്ടാക്കിയിരിക്കുന്നത്. കേരള സംസ്ഥാന ലോട്ടറിയുടെ ഭാഗമാണ് ഈ ലോട്ടറികളെന്ന് ബോധ്യപ്പെടുത്താനായി സർക്കാർ സ്ഥാപനങ്ങളെ അനുകരിച്ചുള്ള പ്രചാരണവും നടത്തുന്നുണ്ട്. പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ പരസ്യങ്ങളും എത്തിയിട്ടുണ്ട്. സൈബർ സുരക്ഷാ കമ്പനിയായ ക്ലൗഡ്സെക്കിന്റെ നിർമിതബുദ്ധി (എ ഐ) അധിഷ്ഠിത ഡിജിറ്റൽ റസിക് പ്ലാറ്റ്ഫോമായ എക്സ് വിജിൽ ആണ് സംസ്ഥാന ലോട്ടറിയുടെ പേരിലുള്ള വ്യാജ ആപ്പുകൾ കണ്ടെത്തിയത്.
തട്ടിപ്പ് നടക്കുന്ന രണ്ട് ആപ്പുകളും keralaticketone.com, lotteryadda.com, keralaticketonline.com, lottomegawin.com, kerala-ticket.com എന്നീ ഡൊമൈനിലുള്ള സംഘത്തിന്റേതാണ് കണ്ടെത്തിയത്. രണ്ട് ആപ്പുകളുടെയും വിവരങ്ങളിൽ [email protected], [email protected] എന്നീ വിലാസങ്ങൾ ഡെവലപ്പർമാരുടെ വിലാസമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒരേ സ്വകാര്യതാനയമാണ് രണ്ട് ആപ്പുകളിലും കാണിക്കുന്നത്.
കേരള ലോട്ടറിയുടെ ഓൺലൈൻ വിൽപ്പനയ്ക്ക് നിരോധനമുള്ളതാണെന്നും പേപ്പർ ലോട്ടറി വിൽപ്പന മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ എസ് പറഞ്ഞു. ലോട്ടറി വിൽപ്പന നടത്തുന്ന വ്യാജ ആപ്പുകളെക്കുറിച്ച് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അന്വേഷണം നടത്തി തട്ടിപ്പുകാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.