KeralaNEWS

ക്രമവിരുദ്ധ നിയമനം, മാറ്റിനിര്‍ത്താന്‍ നിര്‍ദേശമുണ്ടായിട്ടും ഡി.വൈ.എഫ്.ഐ നേതാവിനെ ഒഴിവാക്കാതെ പഞ്ചായത്ത്

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ നേതാവിന്റെ നിയമനം ക്രമവിരുദ്ധമാണെന്നും ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശമുണ്ടായിട്ടും ജോലിയില്‍ തുടരാന്‍ അനുവദിച്ച് പഞ്ചായത്ത്. കലഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റായ ഹരീഷ് മുകുന്ദിനെയാണ് അധികൃതര്‍ സംരക്ഷിക്കുന്നത്. ഇയാളുടെ നിയമനംക്രമവിരുദ്ധമാണെന്നും ഇയാളെ ജോലിയില്‍ നിന്ന് മാറ്റണമെന്നും നിര്‍ദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഒരു മാസം മുമ്പാണ് പഞ്ചായത്തിന് കത്തയച്ചത്. എന്നാല്‍, തങ്ങള്‍ക്ക് ഇത്തരമൊരു ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാണ് കലഞ്ഞൂര്‍ പഞ്ചായത്ത് ഹരീഷിനെ ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നത്.

ഡി.വൈ.എഫ്.ഐ കൊടുമണ്‍ ഏരിയ സെക്രട്ടറിയായ ഹരീഷ് കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റ് ഓര്‍ഗനൈസേഷന്‍ (സിഐടിയു) സംസ്ഥാന ട്രഷററും കൂടിയാണ്. 2012-ലാണ് ഹരീഷ് നിയമനം നേടിയത്. ഒരേ ഒരു ഒഴിവിലേക്ക് മാധ്യമങ്ങളിലൂടെ വിവരം അറിയിച്ച് നടത്തിയ ഇന്റര്‍വ്യൂവിലെടെയായിരുന്നു നിയമനം.

സേലം പെരിയാര്‍ സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റാണ് ഹരീഷ് അടിസ്ഥാന യോഗ്യതയായി ഹാജരാക്കിയത്. ഇതുമായി ബന്ധപ്പെട്ട ആക്ഷേപത്തില്‍ ഹരീഷ് ഹാജരാക്കിയ രേഖകള്‍ വിശ്വാസ യോഗ്യമല്ലെന്നും വിശദ അന്വേഷണം വേണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി.

ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇയാളെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആവശ്യപ്പെട്ട് ഒരു മാസം മുമ്പ് പഞ്ചായത്തിന് കത്തയച്ചത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കായിരുന്നു കത്ത്. എന്നാല്‍, രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് ഈ നടപടി തടയപ്പെട്ടിരിക്കുകയാണെന്നാണ് ആക്ഷേപം.

അതേസമയം, തന്റെ സര്‍ട്ടിഫിക്കറ്റില്‍ യാതൊരു ക്രമക്കേടും ഇല്ലെന്നാണ് ഹരീഷ് പറയുന്നത്. രണ്ടുവര്‍ഷം മറ്റൊരിടത്തും മൂന്നാം വര്‍ഷമാണ് പെരിയാര്‍ സര്‍വകലാശയില്‍ പഠനം പൂര്‍ത്തീകരിച്ചതെന്നുമാണ് ഹരീഷ് പറയുന്നത്. ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ജനുവിനിറ്റി സര്‍ട്ടിഫിക്കറ്റ് തനിക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് മുമ്പായി വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കുകയുണ്ടായെന്നും അതിന്റെ ചുവടുപിടിച്ചാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കത്തെന്നും ഹരീഷ് പറയുന്നു.

 

Back to top button
error: