കോഴിക്കോട്: കോടഞ്ചേരിയില്‍ പോലീസുകാരനെതിരെ പോക്‌സോ കേസ്. സഹോദരിമാരായ കുട്ടികളോട് അപമര്യാദയായി പെരുമാറിയ കോടഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ വിനോദിനെതിരെയാണ് കൂരാച്ചുണ്ട് പോലീസ് കേസെടുത്തത്.
12 ഉം 13 ഉം വയസുള്ള സഹോദരിമാരോടാണ് ഇയാള്‍ മോശമായി പെരുമാറിയത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിയായ പൊലീസുകാരന്‍ ഒളിവിലാണെന്നാണ് വിവരം.
അതേസമയം, പോക്സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സസ്‌പെന്‍ഷനിലായ വയനാട് അമ്പലവയല്‍ എ.എസ്.ഐ: ടി.ജി. ബാബുവിനെ പിടികൂടാനായില്ല. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. പോക്സോ കേസില്‍ ഇരയായ പതിനേഴുകാരിയെ ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് കേസ്.
ഇതിനിടെ, തൃക്കാക്കരയില്‍ താമസിക്കുന്ന യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സി.ഐ: പി.ആര്‍. സുനു നേരത്തെയും ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന വിവരങ്ങള്‍ പുറത്തുവന്നു. എറണാകുളം മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്യവേ പരാതിയുമായെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈകോടതി ജാമ്യം തള്ളിയതോടെ സുനുവിനെ അറസ്റ്റ് ചെയ്തു. സുനുവിനെതിരേ അന്നു വകുപ്പുതല നടപടിയും സ്വീകരിച്ചിരുന്നു.