തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ആക്രമണം നടത്തിയെന്ന കേസില്‍ സൈനികനെ പാങ്ങോട് പോലീസ് അറസ്റ്റു ചെയ്തു. ഭരതന്നൂര്‍ കൊച്ചാനക്കല്ലുവിള വിമല്‍ ഭവനില്‍ വിമല്‍ (30) ആണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ കാലിനു പരിക്കേറ്റ് കല്ലറയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ വിമലിനെ മദ്യലഹരിയിലായിരുന്നതിനാല്‍ പാലോടുള്ള ഗവ. ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതില്‍ ഇയാള്‍ പ്രകേപിതനാകുകയായിരുന്നു.
ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വനിതാ ജീവനക്കാരടക്കമുള്ളവരെ അസഭ്യം പറയുകയും ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് കേസ്.ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് എത്തിയ പാങ്ങോട് പോലീസിനെയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ ഇയാളെ മംഗലാപുരം സി.ഐ: സജീഷ്, ചിറയിന്‍കീഴ് സി.ഐ: മുകേഷ്, പാങ്ങോട് എസ്.ഐ: അജയന്, തിരുവന്തപുരം റൂറല്‍ ഷാഡോ ടീം എന്നിവരുടെ നേതൃത്വത്തില്‍ കോന്നി സ്റ്റേഷന് പരിധിയിലെ താഴം എന്ന സ്ഥലത്തുനിന്നാണ് അറസ്റ്റു ചെയ്തത്. ആര്‍മി ഉദ്യോഗസ്ഥനായ വിമല്‍ ആസാമിലെ തേജ്പുരിലാണ് ജോലി ചെയ്യുന്നത്.
പ്രതിയെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം കല്ലറയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാല് മുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ ഇയാള്‍ ആശുപത്രി ജീവനക്കാരോട് തട്ടിക്കയറിയിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിനെ വിളിച്ചുവരുത്തിയത്. അപകടത്തിലാണോ അടിപിടിയിലാണോ പരുക്ക് പറ്റിയതെന്ന ചോദ്യമാണ് സൈനികനായ യുവാവിനെ പ്രകോപിപ്പിച്ചത്. വിമല്‍ വേണുവിനെതിരെ പാങ്ങോട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.