ഗവർണറെ കുറിച്ച് താൻ പറഞ്ഞുവെന്ന് ആരോപിക്കുന്ന കാര്യങ്ങൾ തെളിയിക്കാമോ എന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസിന് മന്ത്രി വി ശിവൻകുട്ടിയുടെ വെല്ലുവിളി. കേരളത്തിലെ ഗവര്‍ണര്‍ക്ക് സി. പി. രാമസ്വാമി അയ്യരുടെ ഗതികേടുണ്ടാകുമെന്നും അദ്ദേഹമത് മനസിലാക്കിയാല്‍ നന്നാകുമെന്നും താൻ പറഞ്ഞിട്ടില്ല. നുണ പ്രചരിപ്പിച്ച് ആളെ കൂട്ടാനുള്ള ശ്രമങ്ങൾ ബിജെപി ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
പാകിസ്ഥാനുമായി ചേർന്ന് സിപി രാമസ്വാമി അയ്യർ ഇന്ത്യക്കെതിരെ പ്രവർത്തിച്ചതിന് ചരിത്രപരമായ തെളിവുകൾ ഉണ്ട്. സി പി രാമസ്വാമി അയ്യർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ തിരുവിതാംകൂർ ഭരണകൂടത്തിന്റെ ഔദ്യോഗിക ജിഹ്വയായ ട്രാവൻകൂർ ഇൻഫർമേഷൻ ആൻഡ് ലിസനർ വ്യക്തമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവിതാംകൂർ മുൻ ഐ ജി കരീം സാഹിബിനെ തിരുവിതാംകൂറിന്റെ പാകിസ്ഥാനിലെ ട്രേഡ് കമ്മീഷണർ ആയി നിയമിക്കുകയും ചെയ്തു. ഈ കാര്യങ്ങൾ
സിപി രാമസ്വാമി അയ്യർ നിരവധി പ്രസംഗങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവിതാംകൂർ സ്വതന്ത്ര രാജ്യമാകുമ്പോൾ അരിയുടെ പ്രശ്നം മാത്രമാണ് ഉണ്ടാവുക എന്നും അത് പാകിസ്ഥാനിലെ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യാൻ സംവിധാനമൊരുക്കാമെന്നും സിപി രാമസ്വാമി അയ്യർ പ്രസംഗങ്ങളിൽ പറഞ്ഞത് ചരിത്രം പരിശോധിച്ചാൽ ബിജെപിക്കാർക്ക് മനസിലാക്കാമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.