ബെയ്ജിങ്: യുദ്ധത്തിന് തയ്യാറായിരിക്കാന്‍ ചൈനീസ് പട്ടാളത്തിന് നിര്‍ദ്ദേശം നല്‍കി പ്രസിഡന്റ് ഷിജിന്‍ പിങ്. ദേശ സുരക്ഷ വര്‍ധിച്ചുവരുന്ന അസ്ഥിരതയെ നേരിടുകയാണെന്നും സൈനിക ശേഷി വര്‍ധിപ്പിക്കാനും യുദ്ധങ്ങള്‍ പോരാടി ജയിക്കാന്‍ സന്നദ്ധമായിരിക്കാനുമാണ് ഷി നിര്‍ദ്ദേശം നല്‍കിയത്. ചൈനീസ് പ്രസിഡന്റായി മൂന്നാം തവണയും അധികാരത്തിലെത്തിയതിന് പിന്നാലെയാണ് നിര്‍ദ്ദേശം.
ചൊവ്വാഴ്ച ഷി ചൈനീസ് മിലിട്ടറി കമ്മിഷന്റെ ജോയിന്റ് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് യുദ്ധങ്ങള്‍ക്ക് തയ്യാറായിരിക്കാന്‍ ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയോട് നിര്‍ദ്ദേശിച്ചത്. നൂറ്റാണ്ടില്‍ ഉണ്ടായിട്ടില്ലാത്തത്രയും വലിയ മാറ്റങ്ങള്‍ക്കാണ് ലോകം സാക്ഷിയായിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞപ്പോഴായിരുന്നു ചൈനയുടെ ദേശീയ സുരക്ഷ അസ്ഥിരതയും അനിശ്ചിതത്വവും നേരിടുന്നതായി ഷി പറഞ്ഞത്. യുദ്ധസന്നാഹങ്ങളുമായി തയ്യറായിരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും വികസനതാത്പര്യങ്ങളും പാര്‍ട്ടിയും ജനങ്ങളും ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളും നിറവേറ്റാനായി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകാന്‍ ഷി നിര്‍ദ്ദേശം നല്‍കി. 2027ഓടെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ മാറ്റുകയെന്നതാണ് സേനയുടെ നൂറ്റാണ്ടിന്റെ ലക്ഷ്യമെന്നും ഷി ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞമാസം നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിലും ഷി സമാന പരാമര്‍ശം നടത്തിയിരുന്നു. പ്രാദേശിക യുദ്ധങ്ങളില്‍ വിജയിക്കുക എന്നതാണ് സേനയുടെ ലക്ഷ്യമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.