NEWS

ഇലന്തൂരുകാരുടെ സ്വന്തം ഫ്രാങ്കോ യാത്രയായി

പത്തനംതിട്ട : നരബലി പോലെയുള്ള സംഭവങ്ങൾക്കിടയിൽ ഇലന്തൂരിൽ നിന്നും പുറത്തുവരുന്ന ഈ സംഭവം ആരുടെയും കണ്ണ് നനയിക്കും.ഇലന്തൂരിലെ നാട്ടുകാരുടെയും ഫ്രാങ്കോ എന്ന നായുടെയും ആത്മബന്ധത്തിന്റെ കഥയാണിത്.
ഇലന്തൂരിലെ നാട്ടുകാര്‍ക്കും ഓട്ടോക്കാര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന ഫ്രാങ്കോ എന്ന നായ ഓര്‍മ്മയായി. തലച്ചോറിലെ വൈറസ് ബാധയെ തുടര്‍ന്ന് ഒരു മാസക്കാലമായി അവശനിലയില്‍ കഴിഞ്ഞ ഫ്രാങ്കോ തിങ്കളാഴ്ചയാണ് ചത്തത്.ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാരെല്ലാം ഒരുമിച്ച്‌ ശ്രമിച്ചുവെങ്കിലും വിധി അവനെ വിളിക്കുകയായിരുന്നു.
 മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് ഫ്രാങ്കോയുടെ കഥ. തവിട്ടും വെള്ളയും കലര്‍ന്ന നിറവും, നീണ്ട ചെവിയുമുള്ള ഒരു നായക്കുട്ടി ഇലന്തൂരില്‍ എത്തുകയായിരുന്നു. എല്ലാവരോടും പെട്ടന്ന് ഇണങ്ങുന്ന സ്വഭാവമുള്ള ഒരു നല്ല നായക്കുട്ടി. ഭക്ഷണമൊന്നും ലഭിക്കാതെ കടത്തിണ്ണയിലും ഓട്ടോ സ്റ്റാന്റിലുമായി കിടന്ന് എല്ലും തോലുമായ ഒരു നായക്കുട്ടിയെ സംരക്ഷിക്കാന്‍ ഇലന്തൂരിലെ ഓട്ടോക്കാര്‍ തയ്യാറായതോടെയാണ് മനോഹരമായ ഒരു സൗഹൃദത്തിന് തുടക്കം കുറിച്ചത്.
ഓട്ടോ തൊഴിലാളികള്‍ നായക്കുട്ടിയെ എടുത്ത് വെള്ളം നല്‍കി. പിന്നീട് ഡ്രൈവര്‍മാരില്‍ ഒരാള്‍ വീട്ടില്‍ നിന്നും കൊണ്ടു വന്ന പൊതിച്ചോറും നല്‍കിയതോടെ നായക്കുട്ടി എണീറ്റ് നില്‍ക്കാന്‍ തുടങ്ങി. ആരോഗ്യവാനായതോടെ തനിക്ക് ചോറ് നല്‍കിയവരോട് അവന്‍ സ്‌നേഹം പ്രകടിപ്പിച്ചു തുടങ്ങി. പിന്നീട് ഓട്ടോ തൊഴിലാളികളെ ചുറ്റിപ്പറ്റിയായി അവന്റെ ജീവിതം. തങ്ങളുടെ പ്രിയപ്പെട്ട നായക്കുട്ടിക്ക് എല്ലാവരും കൂടി ചേര്‍ന്ന് ഫ്രാങ്കോ എന്ന് പേരും ഇട്ടു. പിന്നെ അവന്‍ നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫ്രാങ്കോ നല്ല ഒരു കൂട്ടുകാരനായി. ഇവന്റെ സ്‌നേഹത്തിന് മുന്നില്‍ ആരും തലതാഴ്‌ത്തി പോകും. കൃത്യമായ ഇടവേളകളില്‍ കുത്തി വയ്പ്പും നല്‍കിയാണ് ഫ്രാങ്കോയെ നാട്ടുകാര്‍ സംരക്ഷിച്ചത്. നാടിന്റെ സ്‌നേഹ ലാളനകള്‍ ഏറ്റുവാങ്ങി കഴിയുമ്ബോഴാണ് ശാരീരിക പ്രശ്‌നങ്ങള്‍ ഫ്രാങ്കോയെ അലട്ടിയത്.
ഒരു മാസക്കാലമായി അവശനിലയില്‍ ആയ ഫ്രാങ്കോ നിമിഷങ്ങള്‍ എണ്ണി കഴിയുന്ന അവസ്ഥയിലേയ്‌ക്ക് എത്തി. കടത്തിണ്ണയില്‍ അവശനായി കിടന്ന അവനെ ഉപേക്ഷിക്കാന്‍ ഇലന്തൂര്‍ നെടുവേലി ജംഗ്ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തയ്യാറായില്ല. തൊട്ടടുത്ത എല്ലാ മൃഗാശുപത്രികളിലും അവര്‍ അവനെ കൊണ്ടുപോയി. പത്തനംതിട്ടയിലെയും ചങ്ങനാശ്ശേരിയിലെയും മൃഗാശുപത്രിലും കാണിച്ചു. കൂടുതല്‍ ചികിത്സയ്‌ക്കായി കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ കോട്ടയം തുരുത്തിയിലുള്ള സ്വകാര്യ ആശുപത്രിയിലും ഫ്രാങ്കോയെ കൊണ്ടുപോയി. പക്ഷെ, തലച്ചോറിനെ ബാധിക്കുന്ന വൈറസ് ബാധ മൂര്‍ച്ഛിച്ചതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
അവസാനം സ്നേഹ പ്രകടനങ്ങളുടെ നിറമുള്ള ഓര്‍മ്മകള്‍ ബാക്കിയാക്കി തന്നെ എടുത്ത വളര്‍ത്തിയ ഓട്ടോ തൊഴിലാളികളോടും ലാളനകള്‍ നല്‍കിയ ഇലന്തൂര്‍ നിവാസികളോടും യാത്ര പറഞ്ഞ് ഫ്രാങ്കോ തിങ്കളാഴ്ച മടങ്ങി.

Back to top button
error: