തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ ആവശ്യം. ഗവര്‍ണര്‍ സ്ഥിരം തലവേദനയാകുന്നത് ഒഴിവാക്കാനാണ് നടപടിയെന്നാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന അഭിപ്രായം. പൊതുരാഷ്ട്രീയ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങും അതിന്മേലുള്ള ചര്‍ച്ചയും നടന്നപ്പോഴാണ് ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ വേണ്ടെന്ന നിലപാട് അംഗങ്ങള്‍ ഉയര്‍ത്തിയത്.
സര്‍വകലാശാല തലപ്പത്ത് ഗവര്‍ണറെ നിയമിച്ചത് ഭരണഘടനാപരമായ ചുമതലയായല്ല. അതത് സര്‍വകലാശാലകള്‍ നിയമങ്ങള്‍ പാസാക്കിയപ്പോള്‍ അതിന്റെ ഭാഗമായാണ് ഗവര്‍ണറെ ചാന്‍സലറാക്കിയത്. അതിനാല്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഘട്ടത്തില്‍ ഗവര്‍ണറെ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് അഭിപ്രായം ഉയര്‍ന്നത്.
നിലവില്‍ പാര്‍ട്ടിയുടെ പരിഗണനയിലുള്ള വിഷയമാണിത്. സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഗവര്‍ണറെ മാറ്റാനുള്ള അന്തിമാനുമതി പാര്‍ട്ടി നല്‍കുക. അങ്ങനെയെങ്കില്‍ ഡിസംബറില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാന്‍ നിയമനിര്‍മ്മാണം നടത്തിയേക്കും.