കോഴിക്കോട്: പ്ലസ് ടു കോഴക്കേസില്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടികൂടിയ 47.35 ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി സമര്‍പ്പിച്ച ഹരജിയില്‍ വിധി പറയുന്നത് ഈ മാസം നാലിലേക്ക് മാറ്റി.
തിരഞ്ഞെടുപ്പ് ഫണ്ടിന് വേണ്ടി ബൂത്ത് കമ്മിറ്റികളില്‍ നിന്ന് പിരിച്ചെടുത്ത തുകയാണെന്നായിരുന്നു ഷാജിയുടെ പക്ഷം.കൂട്ടത്തില്‍ ഇരുപതിനായിരം രൂപയുടെ റസീപ്റ്റും ഷാജി ഹാജരാക്കിയിട്ടുണ്ട്.
എന്നാല്‍, ഇത്രയും തുക പിരിച്ചെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോയെന്ന് കോടതി ആരാഞ്ഞു. പതിനായിരം രൂപയില്‍ കൂടുതലുള്ള തുക ചെക്ക് / ഡി ഡി മുഖേന സമര്‍പ്പിക്കണമെന്നാണ് ചട്ടമെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
വലിയ തുകയുടെ ഇടപാടുകള്‍ ബേങ്ക് വഴിയല്ലാതെ കെ എം ഷാജി നടത്തിയെന്നും പണം തിരികെ നല്‍കരുതെന്നും വിജിലന്‍സ് വ്യക്തമാക്കി. അദ്ദേഹം ഹാജരാക്കിയ റസീപ്റ്റുകള്‍ വ്യാജമാണെന്നും പിടിച്ചെടുത്ത പണം തിരികെ നല്‍കുന്നത് അനധികൃത സ്വത്ത് സമ്ബാദന കേസിനെ വലിയ രീതിയില്‍ ബാധിക്കുമെന്നുമാണ് വിജിലന്‍സ് നിലപാട്.
2013ല്‍ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പ്ലസ് ടു അനുവദിക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഷാജിക്കെതിരെയുള്ള പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി പി എം നേതാവാണ് പരാതി നല്‍കിയത്.