തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യാ ശ്രമം നടത്തിയത് നാടകമെന്ന് ക്രൈംബ്രാഞ്ചിന്റെ അനുമാനം. ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനുള്ള നാടകമാകാം ആത്മഹത്യാശ്രമമെന്നാണ് ക്രൈംബ്രാഞ്ച സംഘം കണക്കാക്കുന്നത്. അതേസമയം, ഗ്രീഷ്മയ്ക്ക് ഇപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് റൂറല്‍ എസ്.പി: ഡി.ശില്പ അറിയിച്ചു. ”ശുചി മുറിയിലെ ലായനി കഴിച്ചുവെന്നാണ് അവള് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് ഉള്ളിലുള്ളത് ഛര്‍ദിച്ച് കളയാനുള്ള മരുന്ന് നല്കി. ഇപ്പോള്‍ ഒരു പ്രശ്നവുമില്ല, നില തൃപ്തികരമാണ്” എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ് ഗ്രീഷ്മ.
അതേസമയം, ഗ്രീഷ്മയെ നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു ശുചിമുറിയിലേക്ക് കൊണ്ടുപോയ വനിതാ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ അടിയന്തരമായി നടപടിയെടുക്കുമെന്നും എസ.്പി കൂട്ടിച്ചേര്‍ത്തു. നിലിവില്‍ ഗ്രീഷ്മയുടെ ബന്ധുക്കളെ പ്രതിചേര്‍ത്തിട്ടില്ല. അവരെ ചോദ്യം ചെയ്തുവരികയാണെന്നും എസ്പി വ്യക്തമാക്കി.
ഗ്രീഷ്മയെ നോക്കാന്‍ വേണ്ടി മാത്രം നാലു പോലീസുകാരെ നിയോഗിച്ചിരുന്നു. എല്ലാ പരിശോധനകളും നടത്തി ഗ്രീഷ്മയെ കൊണ്ടുപോകുന്നതിന് ഒരു ശുചിമുറി നിശ്ചയിച്ചിരുന്നു. ഇതിലേക്ക് മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂവെന്നും പറഞ്ഞിരുന്നു. പക്ഷേ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വേറെ ഒരു ശുചിമുറിയിലേക്കാണ് കൊണ്ടുപോയത്. അത് വീഴ്ചയാണ്. അവര്‍ക്കെതിരെ ഇപ്പോള്‍ തന്നെ നടപടിയെടുക്കും. ഗ്രീഷ്മ ലായനി കുടിച്ചുവെന്ന് പറഞ്ഞു. ഛര്‍ദിക്കുകയും ചെയ്തു. തളര്‍ന്നുവീഴുന്ന സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി’ എസ്.പി പറഞ്ഞു.
നിലവിലെ ആരോഗ്യ നിലതൃപ്തികരമാണ്. ഡോക്ടര്‍മാരുമായി ആലോചിച്ച ശേഷം തുടര്‍ ചോദ്യം ചെയ്യലിലേക്കും മറ്റു നടപടികളിലേക്കും കടക്കും.