CrimeNEWS

വഴിയാത്രികന്‍ ബസിടിച്ച് മരിച്ച കേസില്‍ ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചു; പ്രതികളുടെ കൈയില്‍ മന്ത്രിയുടെ നമ്പര്‍ പ്ലേറ്റും

കൊച്ചി: വഴിയാത്രക്കാരന്‍ ബസ്സിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ പോലീസ് പിടിയില്‍. തൃക്കാക്കര സ്വദേശി ഇ.എ അജാസ് (36), കാക്കനാട് വാഴക്കാല സ്വദേശി നവാസ് (24), കാക്കനാട് മുണ്ടംപാലം സ്വദേശി എന്‍.എ. റഫ്‌സല്‍ (30) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് മന്ത്രിയുടെ നമ്പര്‍ പ്ലേറ്റും കണ്ടെത്തി.

ഡ്രൈവറെ രക്ഷപ്പെടുത്താന്‍ ഉപയോഗിച്ച ഇന്നോവ കാറില്‍ നിന്നാണ് കേരള സ്റ്റേറ്റ് – 12 എന്നെഴുതിയ ചുവന്ന നിറത്തിലുള്ള രണ്ട് ബോര്‍ഡുകളും കണ്ടെടുത്തത്. ബാങ്ക് ഇടപാട് സംബന്ധിച്ച നിരവധി രേഖകളും കണ്ടെടുത്തതായി തോപ്പുംപടി പോലീസ് പറഞ്ഞു. അജാസ് എന്നയാളുടേതാണ് കാര്‍. അപകടമുണ്ടാക്കിയ ഷാന എന്ന ബസിലെ ഡ്രൈവര്‍ കാക്കനാട് ഇടച്ചിറ സ്വദേശി അനസ് എന്നയാളെ ഒളിവില്‍ പാര്‍പ്പിക്കുന്നതിനും സംഭവത്തിനു ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തുന്നതിനും സഹായിച്ച കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. കേരള സ്റ്റേറ്റിന്റെ ബോര്‍ഡ് ദുരുപയോഗം ചെയ്ത കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

Signature-ad

തോപ്പുംപടിയില്‍വച്ച് കഴിഞ്ഞ എട്ടിനാണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ പാഞ്ഞുവന്ന ബസ് വഴിയാത്രക്കാരനായ ലോറന്‍സ് വര്‍ഗീസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. അപകടം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും കുറ്റക്കാരനായ ഡ്രൈവറെ പോലീസ് പിടികൂടിയിരുന്നില്ല. ഇതിനെതിരേ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സമരം നടത്തിയിരുന്നു.

Back to top button
error: