പോപ്പുലര്‍ ഫിനാന്‍സ് കേസ്: പ്രതികളുടെ സ്വാഭാവിക ജാമ്യാപേക്ഷ തീര്‍പ്പാക്കി
സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെയുള്ള കേസിന്റെ കുറ്റപത്രം കോടതയില്‍ സമര്‍പ്പിക്കാന്‍ വൈകുന്ന പശ്ചാത്തലത്തില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അവസരമൊരുങ്ങി. പ്രതികളെ അറസ്റ്റ് ചെയ്ത് അറുപത് ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതികളുടെ സോപാധിക ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കിയത്. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാനായിരുന്നു കോടതി നിര്‍ദേശം
ഇന്നലെയോടെ പോപ്പുലര്‍ ഫിനാന്‍സ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ട് 60 ദിവസം പൂര്‍ത്തിയാകുകയായിരുന്നു. 7 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. അല്ലാത്ത പക്ഷം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അപേക്ഷിക്കാമെന്നുള്ള നിയമത്തിലൂടെയാണ് പ്രതികള്‍ അഭിഭാഷകന് മുഖേന കോടതിയെ സമീപിച്ചത്.
കേസന്വേഷണം നല്ല രീതില്‍ പുരോഗമിക്കുന്നുണ്ടെന്നും വലിയ തുകയുടെ സാമ്പത്തിക തട്ടിപ്പായതിനാല്‍ വിശദമായി പഠിച്ചതിന് ശേഷം മാത്രമേ കുറ്റപത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി.സൈമണ്‍ പ്രതികരിച്ചു.