തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വസ്തുനികുതി പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറ്റുന്നതിന് നടപടികള്‍ ആരംഭിച്ചു.
വസ്തുനികുതി എത്രയെന്നും തുക അടയ്ക്കാനുള്ള ലിങ്കും മൊബൈലില്‍ സന്ദേശമായി എത്തും. ഇതിനായി ഗ്രാമപ്പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന സഞ്ചയ സോഫ്റ്റ്വേറില്‍ ഓട്ടോമാറ്റിക് മെസെജിങ് സംവിധാനം നടപ്പാക്കും. പേയ്മെന്റ് ലിങ്ക് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സന്ദേശമായിരിക്കും നികുതിദായകര്‍ക്ക് നല്‍കുക.
ഇത്തരത്തില്‍ സന്ദേശമയക്കുന്നതിന് സഞ്ചയ സോഫ്റ്റ്വേറില്‍ ആവശ്യമായ മാറ്റംവരുത്തുന്നതിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ (ഐ.കെ.എം.) ചുമതലപ്പെടുത്തി. സന്ദേശം അയയ്ക്കുന്ന സേവനദാതാവിനെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തിരഞ്ഞെടുക്കും.
സേവനദാതാവിനു നല്‍കേണ്ട തുക ഗ്രാമപ്പഞ്ചായത്തുകള്‍ തനതുഫണ്ടില്‍നിന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നല്‍കണം. സന്ദേശത്തില്‍ കാണിക്കുന്ന നികുതിത്തുകയില്‍ കുടിശ്ശികയുണ്ടെങ്കില്‍ ഐ.കെ.എമ്മിന് ലഭിക്കേണ്ട തുക നികുതിദായകനില്‍നിന്ന് ഈടാക്കും. ഓട്ടോമാറ്റിക് സന്ദേശം നല്‍കേണ്ട സമയം പഞ്ചായത്ത് ഡയറക്ടറാണ് ഐ.കെ.എമ്മിനെ അറിയിക്കുക. പേയ്മെന്റ് ലിങ്ക് ഇല്ലാതെ സന്ദേശമയക്കാന്‍ സഞ്ചയ സോഫ്റ്റ്വേറില്‍ നിലവില്‍ ഐ.കെ.എം. സൗജന്യമായി സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു മാറ്റമില്ലാതെ തുടരും.
ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കുന്ന സൗകര്യം നഗരകാര്യ ഡയറക്ടര്‍ ആവശ്യപ്പെടുമ്പോള്‍ നഗരസഭകളിലും ഏര്‍പ്പെടുത്താന്‍ തദ്ദേശ വകുപ്പ് അഡീഷണല്‍ സെക്രട്ടറി, ഐ.കെ.എമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.