ശ്രീനഗർ: ഗിൽജിത് ബാൾട്ടിസ്ഥാൻ ഉൾപ്പെട്ട പാക് അധിനിവേശ കശ്മീര്‍ അടക്കം ജമ്മു കശ്മീരിനെ മുഴുവനായും ഇന്ത്യ തിരിച്ചുപിടിക്കുമ്പോൾ മാത്രമേ നമ്മുടെ ദൌത്യം പൂർത്തിയാകൂവെന്ന സൂചന നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബുദ്ഗാമിൽ ഇന്ത്യൻ സൈന്യം സംഘടിപ്പിച്ച 76-ാമത് ഇന്‍ഫന്‍ററി ഡേയുമായി അനുബന്ധിച്ച ‘ശൗര്യ ദിവസ്’ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി. ഇന്ത്യൻ സൈന്യം ആദ്യമായി യുദ്ധം ചെയ്യുകയും ജമ്മുവിൽ നിന്നും കശ്മീരിൽ നിന്നും നുഴഞ്ഞുകയറ്റക്കാരെ തുരത്തുകയും ചെയ്ത അതേ സ്ഥലത്ത് നിന്നാണ് സൈന്യത്തെ രാജ്‌നാഥ് സിംഗ് അഭിസംബോധന ചെയ്തത്. ആക്രമണകാരികളുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് ഈ നാടിനെ മോചിപ്പിക്കാൻ ജീവൻ ബലിയർപ്പിച്ച എല്ലാ രക്തസാക്ഷികൾക്കും മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നുവെന്നും സിംഗ് പറഞ്ഞു.
പാകിസ്ഥാൻ വിഭജനം നടന്നതിന് തൊട്ടുപിന്നാലെ പാകിസ്ഥാൻ അതിന്‍റെ യഥാർത്ഥ നിറം കാണിച്ചു. പാകിസ്ഥാൻ ഇത്രയും അധഃപതിച്ച് ജമ്മു കശ്മീരിനെ ആക്രമിക്കുമെന്ന് ഇന്ത്യ കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശ കാശ്മീരിലെ ജനങ്ങൾക്കെതിരെ പാക്കിസ്ഥാൻ അതിക്രമം കാണിക്കുകയാണെങ്കില്‍ അതിന്റെ അനന്തരഫലങ്ങൾ അവർ വഹിക്കേണ്ടിവരുമെന്നും രാജ്‌നാഥ് സിംഗ് ആഞ്ഞടിച്ചു. പാക് അധീന കശ്മീരിനെ (പിഒകെ) വീണ്ടെടുക്കുന്നതിന്‍റെ സൂചനയും മന്ത്രി നല്‍കി. ജമ്മു കശ്മീർ, ലഡാക്ക് എന്നീ ഇരട്ട കേന്ദ്രഭരണ പ്രദേശങ്ങളിലെ മൊത്തത്തിലുള്ള വികസനത്തിം കൈവരിക്കാന്‍ ഗിൽജിറ്റിലും ബാൾട്ടിസ്ഥാനിലും ( പാക് അധിനിവേശ കശ്മീരിലെ സ്ഥലങ്ങള്‍) എത്തണമെന്ന് മന്ത്രി പറഞ്ഞു. “ഞങ്ങൾ ജമ്മു കശ്മീരിലും ലഡാക്കിലും ഞങ്ങളുടെ വികസന യാത്ര ആരംഭിച്ചു കഴിഞ്ഞു. ഗിൽഗിറ്റിലും ബാൾട്ടിസ്ഥാനിലും എത്തുമ്പോൾ ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യം കൈവരിക്കും. ‘ശൗര്യ ദിവസ്’ പരിപാടിയെ അഭിസംബോധന ചെയ്ത് രാജ്നാഥ് സിംഗ് പറഞ്ഞു.
1947 ഒക്ടോബർ 27-ന് കാശ്മീർ താഴ്‌വരയിൽ ഇന്ത്യൻ മണ്ണിൽ നടന്ന ആദ്യ ആക്രമണത്തെ ഇന്ത്യൻ സൈന്യം ചെറുത്തുതോൽപ്പിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സൈനിക നടപടിയുടെ സ്മരണയായാണ് ഇന്‍ഫന്‍ററി ഡേയായി ആചരിക്കുന്നത്. അന്ന് ഇന്ത്യയുടെ ഒന്നാം ബറ്റാലിയനായ സിഖ് റെജിമെന്‍റിലെ സൈനികരാണ് വിജയം നേടിയത്. ജമ്മു കശ്മീരിലെ ചില നേതാക്കള്‍ എന്നും അവര്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ മാത്രം നോക്കിയതിനാല്‍, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും നേടാനായില്ലെന്ന് പ്രദേശിക പാര്‍ട്ടി നേതാക്കളെ ഉദ്ദേശിച്ച് രാജ്നാഥ് സിംഗ് പറഞ്ഞു.
ഭീകരർ മതത്തിന്റെയും കശ്മീരിന്‍റെയും പേര് ഉപയോഗിച്ച് ജമ്മു കശ്മീരിലെ ജനങ്ങളുടെമേൽ ഭീകരത ഉണ്ടാക്കി. അവർ ആളുകളെ കൊല്ലുമ്പോൾ, അവർ അതില്‍ മതം പറഞ്ഞത് നേതാക്കള്‍ കണ്ടില്ല. ജമ്മു കശ്മീരിൽ സൈന്യം ഭീകരരെയും അവരുടെ കൂട്ടാളികളെയും ലക്ഷ്യം വയ്ക്കുമ്പോൾ, രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകർ എന്ന് വിളിക്കപ്പെടുന്ന ചിലർ കരയാൻ തുടങ്ങുന്നു. ഈ തീവ്രവാദികൾ നമ്മുടെ സൈന്യത്തെ ആക്രമിക്കുമ്പോൾ എല്ലാ ആക്ടിവിസ്റ്റുകളും എവിടെയാണ് അപ്രത്യക്ഷമാകുന്നത് എന്ന് എനിക്കറിയില്ല. സിംഗ് കൂട്ടിച്ചേർത്തു.