IndiaNEWS

മുത്തച്ഛനുവേണ്ടി പേരക്കുട്ടി തയ്യാറാക്കിയ ചായയില്‍ കീടനാശിനി, ചായ തയ്യാറാക്കിയ കുട്ടിയടക്കം 4 പേര്‍ മരിച്ചു

ലക് നൗ:  മുത്തച്ഛനുവേണ്ടി തയ്യാറാക്കിയ ചായയില്‍ അബദ്ധത്തില്‍ കീടനാശിനി ഇട്ടു. ഈ ചായ കുടിച്ച് കുട്ടികളടക്കം നാലുപേരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടില്‍ വിരുന്നിനെത്തിയ മുത്തച്ഛനു ചായയുണ്ടാക്കി കൊടുത്ത ആറു വയസ്സുകാരന്‍ അബദ്ധത്തില്‍ കീടനാശിനി ചായയില്‍ കലർത്തിയതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

യു.പി യിലെ ലക്നൗവിടുത്തുള്ള മെയിൻ പുരി ഗ്രാമത്തില്‍ താമസിക്കുന്ന ശിവ് നന്ദന്‍ എന്ന വ്യക്തിയുടെ വീട്ടിലാണ് ദുരന്തമുണ്ടായത്. ഭാര്യയും രണ്ട് മക്കളും പിതാവുമാണ് ശിവ് നന്ദനൊപ്പം വീട്ടിൽ താമസിക്കുന്നത്. രാവിലെ ഭാര്യാപിതാവ് രവീന്ദ്ര സിങ് (55) വീട്ടിലെത്തിയപ്പോള്‍ കൊച്ചുമകന്‍ ശിവാങ് (6) ആണ് ചായ ഉണ്ടാക്കിയത്. ഈ സമയം കുട്ടികളുടെ അമ്മ പശുവിനെ കറക്കുകയായിരുന്നു. ചായപ്പൊടിക്ക് പകരം അടുക്കളയിലുണ്ടായിരുന്ന കീടനാശിനി കുട്ടി തിളയ്ക്കുന്ന വെള്ളത്തില്‍ ഇട്ടതാകാമെന്നാണ് സംശയിക്കുന്നത്.

Signature-ad

രവീന്ദ്ര സിങ് (55), ശിവ് നന്ദന്‍ (35), ശിവാങ് (6), ദിവാങ് (5) എന്നിവരും അയല്‍വാസിയായ സോബ്രാന്‍ സിങ്ങും കുട്ടി കൊണ്ടുവന്ന ചായ കുടിച്ചു. ചായ കുടിച്ചതിന് പിന്നാലെ അഞ്ചുപേര്‍ക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി. ആരോഗ്യസ്ഥിതി വഷളായതോടെ അഞ്ചുപേരെയും മെയിന്‍പുരിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെവച്ച് രവീന്ദ്ര സിങ്, ശിവാങ്, ദിവാങ് എന്നിവര്‍ മരിച്ചു.

തുടര്‍ന്ന് കുട്ടികളുടെ പിതാവ് ശിവ് നന്ദനെയും സോബ്രാനെയും ഇറ്റാവയിലെ സഫായി മെഡികല്‍ കോളജ് ആശുപത്രിയിലേക്കി മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ സോബ്രാനും മരിച്ചു. ശിവ് നന്ദന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: