തിരുവനന്തപുരം: സർക്കാർ ഗവർണർ പോര് കടുക്കുന്നതിനിടെ തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വർധിപ്പിച്ചു. രാത്രിയോടെ രാജ്ഭവൻ പരിസരത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. വെള്ളയമ്പലം, കവടിയാർ തുടങ്ങിയ പ്രദേശങ്ങളിൽ വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഗവർണർക്കെതിരായ സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികൾ നടക്കുന്ന സമയത്ത് എകെജി സെന്റർ ആക്രമണം പോലുള്ള സംഭവങ്ങൾ ഉണ്ടായാലുള്ള ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനായാണ് സുരക്ഷ വർദ്ധിപ്പിച്ചത്.
ധനമന്ത്രിയെ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടി വിവാദമായതിന് പിന്നാലെയാണ് രാജ്ഭവന്റെ സുരക്ഷ ശക്തമാക്കുന്നത്. യുപി പരാമർശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഇക്കഴിഞ്ഞ 18 ന് കേരള സര്‍വ്വകലാശാലയെ പരിപാടിക്കിടെ നടത്തിയ ഈ പ്രസംഗമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാൽ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.
എന്നാല്‍, ഗവര്‍ണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും തുടര്‍ നടപടി ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. ധനമന്ത്രിയുടെ പ്രവര്‍ത്തനത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടെന്നും ഭരണഘടനാപരമായി നോക്കുമ്പോൾ ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെടാൻ മാത്രം ഒന്നും മന്ത്രി പറഞ്ഞിട്ടില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി. ആരോപണത്തിൽ കഴമ്പില്ലെന്ന് ബോധ്യമുണ്ട്. അതിനാൽ തുടര്‍ നടപടികൾ വേണ്ടെന്ന നിലപാടും മുഖ്യമന്ത്രി പിണറായി വിജയൻ ഗവര്‍ണറെ അറിയിച്ചു.