ശാരീരിക പരിമിതികളെ പരിധിയില്ലാത്ത പോരാട്ടം കൊണ്ട് പരാജയപ്പെടുത്താമെന്ന് ജീവിതത്തിലൂടെ തെളിയിച്ച എം.എം ചാക്കോ (52) യുടെ വിടവാങ്ങൽ നാടിന് നൊമ്പരമായി മാറി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മായിയമ്മ അന്നമ്മ (83) മരിച്ച വിവരം അറിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ചാക്കോ കുഴഞ്ഞുവീണ് മരിച്ചത്.
പോളിയോ ബാധിച്ച് ഭാഗികമായി തളർന്നെങ്കിലും മനസ് പതറാതെ പിടിച്ചുനിന്ന ചാക്കോ ശാരീരികവും ബൗദ്ധികവുമായ വൈകല്യമുള്ള രണ്ടായിരത്തോളം പേർക്ക് ആശ്രയമായിരുന്നു. താങ്ങും തണലുമായി ഭാര്യ ഷീലയും എന്നും ഒപ്പം ഉണ്ടായിരുന്നു. കൽപ്പറ്റക്കടുത്ത് വാഴവറ്റ സ്വദേശിയായ ചാക്കോ പിന്നീട് സേവന മേഖലയായി കാസർകോട് തെരഞ്ഞെടുത്തു.
മടിക്കൈ ഗ്രാമപഞ്ചായത്തിലെ മലപ്പച്ചേരി ഗ്രാമത്തിൽ ചാക്കോയും ഷീലയും ചേർന്ന് സ്ഥാപിച്ച ‘ന്യൂ മലബാർ പുനരാധിവാസ കേന്ദ്രം’ ഇന്ന് അനവധി പേർക്ക് ആശ്രയമാണ്. വയോധികർ, മാനസികാരോഗ്യപ്രശ്നമുള്ളവർ, അഗതികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കെല്ലാം ജില്ലയിലെ പ്രധാന പുനരധിവാസ കേന്ദ്രമായി ഇത് മാറി. നിലവിൽ 116 അന്തേവാസികളുണ്ട് ഇവിടെ.
വയനാട്ടിൽ നിന്ന്, കളനാട്ട് ചെറിയ റെസ്റ്റോറന്റ് നടത്തുന്ന സുഹൃത്ത് അബ്ദുൽ അസീസിനെ കാണാൻ എത്തിയതാണ് ദമ്പതികൾക്ക് നിർണായകമായത്. അതോടെയാണ് പുനരധിവാസ കേന്ദ്രം തുടങ്ങുകയെന്ന അവരുടെ സ്വപ്നം പൂവണിഞ്ഞത്. 2019ൽ ഭിന്നശേഷിയുള്ള വ്യക്തിയുടെ സാമൂഹിക സേവനത്തിനുള്ള സാമൂഹിക നീതി വകുപ്പിന്റെ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ചാക്കോ ഏറ്റുവാങ്ങിയിരുന്നു. ചാക്കോയുടെ അകാല വിയോഗം അന്തേവാസികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.